ആപ്പിൾ, ജ്യൂസ് ആക്കിയും അല്ലാതെയുമൊക്കെ കഴിക്കുന്നവരുണ്ട്. പ്രതിരോധ ശേഷി മുതൽ ചർമസംരക്ഷണം വരെയുള്ള ആരോഗ്യക്കാര്യങ്ങളിൽ ആപ്പിളിൽ അടങ്ങിയ പോഷകങ്ങൾ ഗുണകരമാണ്. എന്നാൽ കഴിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പല്ലിന് പണി കിട്ടാനും സാധ്യതയുണ്ട്.
ആപ്പിളിൽ അടങ്ങിയ മാലിക് ആസിഡ് എന്ന ആസിഡ് പല്ലിന്‍റെ ഇനാമലിനെ ദുർബലമാക്കും. ഇനാമൽ നശിച്ചാൽ, പല്ലിന് പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാനോ പോടുകൾ വരാനോ ഇടയാക്കും. ആപ്പിളിൽ അടങ്ങിയ സ്വാഭാവിക പഞ്ചസാരയാണ് അടുത്ത വില്ലൻ. ആപ്പിൾ ജ്യൂസ് ആയി കുടിക്കുമ്പോൾ ഈ പഞ്ചസാര വായിൽ തങ്ങി നിൽക്കുകയും വായിലുള്ള ബാക്ടീരിയകൾ ഈ പഞ്ചസാരയെ വിഘടിപ്പിച്ചു കൂടുതൽ ആസിഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
ഈ ആസിഡ് വീണ്ടും പല്ലിന്‍റെ ഇനാമലിനെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. അമിതമായി ആപ്പിൾ ജ്യൂസ് കുടിക്കുന്നവരിൽ ദന്ത രോഗങ്ങൾ കണ്ടെത്തിയതായി യൂണിവേഴ്സിറ്റി ഓഫ് പോർട്സ്മൗത്തും യൂണിവേഴ്സിറ്റി ഓഫ് ലീഡ്സും സംയുക്തമായി നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു.
ആപ്പിൾ ജ്യൂസ് എങ്ങനെ കുടിക്കണം
- ആപ്പിള്‍ ജ്യൂസ് കുടിക്കുമ്പോൾ പതിയെ സിപ്പ് ചെയ്തോ അല്ലെങ്കില്‍ ഒന്നിലധികം തവണയായോ കുടിക്കുന്നത് ഒഴിവാക്കുക.
- ആപ്പിൾ ജ്യൂസ് വെള്ളം ചേർത്ത് നേർപ്പിച്ച് കുടിക്കുക.
- സ്ട്രോ ഉപയോഗിക്കുന്നത് ആപ്പിൾ ജ്യൂസ് പല്ലുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കും.
- ആപ്പിൾ ജ്യൂസ് കുടിച്ച ഉടൻ തന്നെ വെള്ളം ഉപയോഗിച്ച് വായ കഴുകുക. ഇത് പല്ലിൽ പറ്റിപ്പിടിച്ച പഞ്ചസാരയും ആസിഡും നീക്കം ചെയ്യും.
ആപ്പിള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍
ആപ്പിൾ വാങ്ങിക്കൊണ്ട് വന്ന അതേ കവറിൽ ഫ്രിഡ്ജി സൂക്ഷിക്കുന്നതിന് പകരം ഓരോന്നുമെടുത്തു കടലാസിൽ പൊതിഞ്ഞ ശേഷം ഒരു ചെറുകൂടയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ഒരുപാട് ദിവസങ്ങൾ ആപ്പിൾ കേടുകൂടാതെ ഫ്രഷ് ആയിയിരിക്കാൻ സഹായിക്കും.



Be the first to comment