ആപ്പിൾ ഐഫോണുകളിൽ പ്രോ മാക്‌സാണ് സ്ക്രീൻ വലുപ്പത്തിലെ വമ്പന്മാർ. വിലയുടെ കാര്യത്തിലും പ്രോ മാക്സ് തന്നെയാണ് കേമന്മാർ. പ്രോ മാക്സിൻ്റെ ഈ രാജപദവി അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ എന്നാണ് ഏറ്റവും പുതിയ വിവരം. ഈ വർഷം സെപ്തംബറിൽ പുറത്തിറങ്ങിയ ഐഫോൺ 17 പ്രോ മാക്‌സിനാകും ഇനി സ്ക്രീൻ വലുപ്പത്തിൻ്റെ കാര്യത്തിൽ രാജപദവിയിൽ ഇരുന്ന അവസാന മോഡൽ എന്ന ബഹുമതി എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആപ്പിളിൻ്റെ പുതിയ പ്രഖ്യാപനം വിശകലനം ചെയ്താണ് 9to5Mac ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആപ്പിൾ 2026ൽ അവരുടെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ലോഞ്ച് ചെയ്യുമെന്നാണ് 9to5Mac ഉറപ്പിക്കുന്നത്. അതോടെ സ്ക്രീൻ വലുപ്പത്തിൻ്റെ കാര്യത്തിൽ പ്രോ മാക്സിനുള്ള ബഹുമതി ഫോൾഡബിൾ ഫോൺ സ്വന്തമാക്കം. ഫോൾഡബിൾ ഫോണിന് ആപ്പിൾ നൽകാൻ പോകുന്ന പേര് ഐഫോൺ ഫോൾഡ് അല്ലെങ്കിൽ ഐഫോൺ അൾട്രോ എന്നായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ പ്രോ മാക്‌സിനെ പോലെ 6.9 ഇഞ്ച് സ്‌ക്രീനല്ല, പുത്തൻ ഐഫോണിനുണ്ടാവുക. ഈ ഫോൾഡബിൾ ഐഫോൺ അൺഫോൾഡ് ചെയ്യുമ്പോൾ 7.8 ഇഞ്ച് ഡിസ്‌പ്ലേയാകും ഉണ്ടാവുക. ഇതോടെ ഏറ്റവും വലിയ സ്ക്രീനുള്ള ഐഫോൺ എന്ന ഖ്യാതിയും ഐഫോൺ ഫോൾഡിന് സ്വന്തമാകും.
ആദ്യ കാഴ്ചയിൽ ഐഫോൺ ഫോൾഡിനെ നോക്കിയാൽ ഏകദേശം 5.5 ഇഞ്ചായിരിക്കും ഔട്ടർ സ്‌ക്രീൻ എന്നു തോന്നിപ്പിച്ചേക്കാം. ഇന്നത്തെ ഐഫോണുകളുമായി താരതമ്യം ചെയ്താൽ വളരെ ചെറുതെന്ന് തന്നെ കരുതാനും സാധ്യതയുണ്ട്. പക്ഷേ അൺഫോൾഡ് ചെയ്യുമ്പോഴാകും ഐഫോണിന്റെയും ഐപാഡ് മിനിയുടെയും മിക്‌സായ ഒരു ഉപകരണമാണിതെന്ന് മനസിലാവുക. വർഷാവർഷം മാറിമാറി വരുന്ന മോഡലുകള്‍ അനുസരിച്ച് ഐഫോണുകൾ സ്വന്തമാക്കുന്നവർക്ക് ഫോൾഡബിൾ ഐഫോൺ സ്വന്തമാക്കാനൊരു ആഗ്രഹം ഉണ്ടാവാതിരിക്കില്ല. പക്ഷേ ഇതിന്റെ വില 2000 ഡോളറിനും മുകളിലാകുമെന്നാണ് വിവരം. അതിനാൽ പ്രോ മാക്‌സ് ഉപയോഗിക്കുന്നതല്ലേ മികച്ച തീരുമാനമെന്ന് ആളുകൾ കരുതാനും മതി.



Be the first to comment