
കോട്ടയം: എംജി സര്‍വകലാശാലയില്‍ നിയമന വിവാദം. എന്‍വിയോണ്‍മെന്റ് സയന്‍സ് അസോസിയേറ്റ് പ്രൊഫസറായി യോഗ്യതയില്ലാത്ത വ്യക്തിയെ നിയമിച്ചു എന്നാണ് ആരോപണം. യുജിസി മാനദണ്ഡങ്ങളും പാലിച്ചില്ലെന്നും പരാതിയുണ്ട്. സംഭവത്തില്‍ എന്‍വിയോണ്‍മെന്റ് സയന്‍സ് പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ ചാന്‍സലര്‍ക്ക് പരാതി നല്‍കി.
കഴിഞ്ഞ ദിവസമാണ് എംജി സര്‍വ്വകലാശാലയിലെ എന്‍വിയോണ്‍മെന്റ് സയന്‍സില്‍ ഒഴിവ് വന്ന അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമം നടന്നത്. സിബു സാമുവല്‍ എന്ന അധ്യാപകനെയാണ് അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത്. എന്നാല്‍ ഇയാള്‍ക്ക് മതിയായ യോഗ്യത ഇല്ലെന്നാണ് പരാതി. എന്‍വിയോണ്‍മെന്റ് സയന്‍സില്‍ എട്ടു വര്‍ഷത്തെ അധ്യാപന പരിചയം അടക്കമുള്ള യോഗ്യതകള്‍ ആയിരുന്നു മാനദണ്ഡം. എന്നാല്‍ സിബു സാമൂവലിന് ബയോ ടെക്‌നോളജിയില്‍ ആണ് പ്രവര്‍ത്തിപരിചയം ഉള്ളത്. എട്ടുവര്‍ഷത്തെ അധ്യാപന പരിചയം ഇല്ലെന്നും പറയുന്നു. യോഗ്യത ഉള്ളവര്‍ ഉണ്ടായിരുന്നിട്ടും സര്‍വ്വകലാശാല നടത്തിയ നീക്കം ദുരൂഹമാണ് എന്നാണ് പരാതി.
അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷന്‍ തിരുത്തിയതും സംശയമുയര്‍ത്തുന്നു. എന്‍വിയോണ്‍മെന്റ് സയന്‍സില്‍ യോഗ്യത വേണമെന്ന് പറഞ്ഞ് നോട്ടിഫിക്കേഷന്‍ തിരുത്തി ലൈഫ് സയന്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. ഇത് ഈ വ്യക്തിക്ക് ജോലി നല്‍കാന്‍ ആണെന്നാണ് മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. സംഭവത്തില്‍ എന്‍വിയോണ്‍മെന്റ് സയന്‍സ് പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ ചാന്‍സിലര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നിയമനടപടിയിലേക്ക് കടക്കാനും മറ്റു ഉദ്യോഗാര്‍ത്ഥികള്‍ തീരുമാനിച്ചിട്ടുണ്ട്.
Be the first to comment