നവംബര്‍ വിന്‍ഡോയിലെ ഏക മത്സരത്തിനായി അര്‍ജന്റീന ഇന്ന് കളത്തില്‍; അംഗോള എതിരാളികള്‍

നവംബര്‍ വിന്‍ഡോയിലെ ഏക മത്സരത്തിനായി അര്‍ജന്റീന ഇന്ന് കളത്തില്‍. രാത്രി ഒന്‍പതരയ്ക്ക് നടക്കുന്ന മത്സരത്തില്‍ അംഗോളയാണ് എതിരാളികള്‍. ലോകകപ്പ് യോഗ്യത റൗണ്ടില്‍ ജര്‍മനി, നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ ടീമുകളും കളത്തിലെത്തും.

രാജ്യത്തിന്റെ അന്‍പതാം സ്വാതന്ത്ര്യദിനഘോഷങ്ങള്‍ കളറാക്കാനാണ് 115 കോടി രൂപ കൊടുത്ത് അംഗോള അര്‍ജന്റീനയെ ലുവാണ്ടയില്‍ എത്തിക്കുന്നത്. നല്ല സ്റ്റേഡിയമൊരുക്കി, ഫിഫയില്‍ കൃത്യമായി നിന്ന് അനുമതിയും വാങ്ങിയാണ് അംഗോള മത്സരം നടത്തുന്നത്. ലോക ചാമ്പ്യന്മാരായ അര്‍ജന്റീന എത്തുന്നതോടെ അംഗോള ചരിത്രത്തിലെ ഏറ്റവും വലിയ ഉത്സവമായി മത്സരം മാറുന്നു. കേരളത്തിലെ കളി ഉപേക്ഷിച്ചതോടെ അര്‍ജന്റീനയ്ക്ക് ഈ വര്‍ഷത്തെ അവസാന മത്സരമാണിത്. ജയത്തോടെ ലോകകപ്പ് വര്‍ഷത്തിനായി കാത്തിരിക്കുകയാണ് ലിയോണല്‍ സ്‌കലോണിയുടെ സംഘത്തിന്റെ ലക്ഷ്യം.

ലൗട്ടോറോ മാര്‍ട്ടിനസ്, റൊഡ്രീഗോ ഡി പോള്‍, ലോ സെല്‍സോ, അലക്സിസ് മാക് അലിസ്റ്റര്‍, ക്രിസ്റ്റ്യന്‍ റൊമോറോ, നിക്കോളാസ് ഒട്ടാമെന്റി തുടങ്ങിയ പ്രമുഖരെല്ലാം മെസിക്കൊപ്പം അണിനിരക്കും. യൂറോപ്യന്‍ മേഖലയിലെ ലോകകപ്പ് യോഗ്യത മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മനി ലക്സംബര്‍ഗിനെ നേരിടും. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജര്‍മനിക്ക് ജയം വേണം അമേരിക്കന്‍ ലോകകപ്പിന് ടിക്കറ്റെടുക്കാന്‍. നെതര്‍ലന്‍ഡ്സിനും ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യക്കും ഇന്ന് ജയിച്ചാല്‍ യോഗ്യത നേടാം. നെതര്‍ലന്‍ഡ്സ് റോബര്‍ട് ലെവന്‍ഡോവ്സ്‌കിയുടെ പോളണ്ടിനെ നേരിടുന്പോള്‍ ക്രൊയേഷ്യയുടെ എതിരാളികള്‍ ഫറോ ഐലന്‍ഡാണ്. രാത്രി 1:15നാണ് എല്ലാ മത്സരങ്ങളും.

Be the first to comment

Leave a Reply

Your email address will not be published.


*