അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി നാളെ ഇന്ത്യയില്‍; തിങ്കളാഴ്ച്ച വരെ വിവിധ പരിപാടികളില്‍ മെസി പങ്കെടുക്കും

അര്‍ജന്റിന സൂപ്പര്‍ താരം ലയണല്‍ മെസി നാളെ ഇന്ത്യയിലെത്തും. നാളെ പുലര്‍ച്ചെ ഒന്നരക്ക് ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന കൊല്‍ക്കത്തയില്‍ വിമാനമിറങ്ങും. ഉറ്റ സുഹൃത്തുക്കളും സഹതാരങ്ങളുമായ ലൂയീസ് സുവാരസും റോഡ്രിഗോ ഡീപോളും മെസിയുടെ കൂടെയുണ്ടാകും. രാവിലെ പത്തരക്ക് കൊല്‍ക്കത്തയിലെ ശ്രീഭൂമി സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലേക്ഡൗണ്‍ ഏരിയയില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമുള്ള തന്റെ പ്രതിമ മെസി അനാച്ഛാദനം ചെയ്യും. 2022 ലോകകപ്പില്‍ ജേതാക്കളായ അര്‍ജന്റീന ടീമിനുവേണ്ടി കിരീടം ഏറ്റുവാങ്ങി സന്തോഷം പ്രകടപ്പിക്കുന്ന ദൃശ്യമാണ് പ്രതിമയാക്കിയിരിക്കുന്നത്. ശില്‍പ്പി മോണ്ടിപോളിന്റെ നേതൃത്വത്തില്‍ 45 കലാകാരന്മാര്‍ 27 ദിവസം ജോലി ചെയ്താണ് 70 അടിയുള്ള പ്രതിമ തയ്യാറാക്കിയത്.

പതിനൊന്നര മുതല്‍ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മെസിക്കൊപ്പം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സൗരവ് ഗാംഗുലി, ലിയാന്‍ഡര്‍ പെയ്‌സ് തുടങ്ങിയവര്‍ പങ്കെടുക്കും. പിന്നാലെ സൗഹൃദ മത്സരവും മെസിയെ ആദരിക്കലും നടക്കും. ഉച്ചക്ക് രണ്ട് മണിയോടെ മെസി ഹൈദരാബാദിലേക്ക് തിരിക്കും. വൈകീട്ട് ഏഴ് മുതല്‍ ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ മെസിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മത്സരവും സംഗീത പരിപാടിയും അരങ്ങേറും.

ഞായറാഴ്ച്ച രാവിലെ മുംബൈ ക്ലബ് ഓഫ് ഇന്ത്യയില്‍ നടക്കുന്ന ചടങ്ങിന് ശേഷം വൈകുന്നേരം നാലിന് നടക്കുന്ന സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തിലും മെസി പങ്കാളിയാകും. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ച. ഉച്ചക്ക് ഒന്നരക്ക് അരുണ്‍ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടികളിലും മെസി പങ്കെടുക്കും. സ്‌പോര്‍ട്‌സ് പ്രമോട്ടറും ബിസിനസ് കണ്‍സള്‍ട്ടന്റുമായ ശതാദ്രു ദത്തയുടെ നേതൃത്വത്തിലാണ് ‘GOTAT INDIA TOUR’ എന്ന് പേരിട്ടിരിക്കുന്ന ത്രിദിന ഇന്ത്യ സന്ദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ടിക്കറ്റ് മുഖാന്തിരമായിരിക്കും പരിപാടികളിലേക്കുള്ള പ്രവേശനം. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 4500 രൂപയാണ്. മുംബൈയിലെ പരിപാടിയില്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 8250 രൂപയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*