യൂണിഫോം ജോലി ഒരുകൈ അകലെ; ആർമി റിക്രൂട്ട്മെൻ്റ് റാലി ജനുവരി ആറുമുതൽ 12വരെ കാസർകോട്

കാസർകോട് : ആർമി ജോലി സ്വപ്‌നം കാണുന്നവർക്കിതാ സുവർണാവസരം. കേരളത്തില്‍, പ്രത്യേകിച്ച് മധ്യ, തെക്കൻ കേരളത്തില്‍ ആർമി ജോലി ആഗ്രഹിക്കുവന്നവർക്ക് തങ്ങളുടെ ആഗ്രഹത്തിലേക്ക് എത്താനുള്ള മികച്ച ഒരു അവസരമാണിത്. ഏകദേശം ഒരാഴ്‌ച നീണ്ട് നില്‍ക്കുന്ന ആർമി റിക്രൂട്ട്‌മെന്‍റ് റാലിയാണ് നടക്കാൻ പോകുന്നത്.

ജനുവരി ആറുമുതൽ 12 വരെയാണ് കാസർകോട് ആർമി റിക്രൂട്ട്മെൻ്റ് റാലി നടക്കുന്നത്. വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആണ് റാലി. കാസർകോട് മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിലെയും ലക്ഷദ്വീപ്, മാഹി കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4500 ഉദ്യോഗാർഥികൾ റാലിയിൽ അണിനിരക്കും.

ജനുവരി ആറിന് രാവിലെ മൂന്നു മണിക്ക് റാലി ആരംഭിക്കും. ഓൺലൈൻ പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെട്ടവരെയാണ് റാലിയിൽ പങ്കെടുപ്പിക്കുന്നത്. റാലിയുടെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ ജില്ലാതല യോഗം ജില്ലാ കളക്‌ടറുടെ അധ്യക്ഷതയിൽ കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.

ജില്ലാ കളക്‌ടർ കെ ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. ജില്ലയിൽ റിക്രൂട്ട്മെൻ്റ് റാലി സംഘടിപ്പിക്കുന്നതിന് സന്തോഷമുണ്ടെന്ന് കളക്‌ടർ പറഞ്ഞു. താമസസൗകര്യം, കണക്‌ടിവിറ്റി, മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർക്കും കാസർകോട് മുൻസിപ്പാലിറ്റി സെക്രട്ടറിക്കും കളക്‌ടർ നിർദേശം നൽകി.

കോഴിക്കോട് ആർമി അസിസ്റ്റന്‍റ് റിക്രൂട്ട്മെൻ്റ് ഓഫിസർ സുബേദാർ മേജർ സഞ്ജീവ് സുബ്ബ, എ ഡി എം പി അഖിൽ, കാസർകോട് എ എസ് പി, സി എം ദേവദാസൻ എന്നിവർ സംസാരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*