നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് തന്നെ; ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകും. എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കെ സി വേണുഗോപാല്‍ ഒപ്പിട്ട കുറിപ്പ് പുറത്തിറങ്ങി.

നിലമ്പൂരില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന് ഇത് രണ്ടാമൂഴമാണ്. 2016ലായിരുന്നു ആദ്യമത്സരം. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ ആര്യടന്‍ ഷൗക്കത്ത് രാഷ്ട്രീയത്തിനൊപ്പം സിനിമ, സാംസ്‌കാരിക രംഗങ്ങളിലും തന്റേതായ ഇടം കണ്ടെത്തി. നിലമ്പൂര്‍ നഗരസഭയായി മാറിയപ്പോള്‍ പ്രഥമ ചെയര്‍മാനുമായിരുന്നു അദ്ദേഹം.

34 വര്‍ഷം ആര്യാടന്‍ മുഹമ്മദ് കോട്ടയായി നിലനിര്‍ത്തിയ മണ്ഡലം തിരിച്ചുപിടിക്കാന്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് കളത്തിലിറക്കുന്നത് ആര്യാടന്റെ മകനെ തന്നെയാണ്. നിലമ്പൂരിന്റെ മുക്കുംമൂലയും അറിയാം എന്നത് തന്നെയാണ് ഷൗക്കത്തിനെ പരിഗണിക്കാനുള്ള പ്രധാന ഘടകവും. പതിനാലാം വയസില്‍ നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ കെഎസ്യുവിന്റെ സ്‌കൂള്‍ ലിഡറായി തിരഞ്ഞെടുത്തതോടെയാണ് ഷൗക്കത്തിന്റെ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സജീവം. സിപിഐഎം സിറ്റിംഗ് സീറ്റില്‍ അട്ടിമറി വിജയം നേടിയാണ് ഷൗക്കത്ത് 2005ല്‍ നിലമ്പൂര്‍ പഞ്ചായത്ത് അംഗവും തുടര്‍ന്ന് പ്രസിഡന്റുമായത്. എല്ലാവര്‍ക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയതോടെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട

സിനിമാരംഗത്തും കഴിവ് തെളിയിച്ചു. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ സിനിമകള്‍ക്ക് സംസ്ഥാന, ദേശീയ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. കെപിസിസിയുടെ സാംസ്‌കാരിക വിഭാഗമായ സംസ്‌കാരസാഹിതി സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. 2016 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. അന്ന് പി വി അന്‍വറിനോട് പരാജയപ്പെട്ടു.

ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുന്നതില്‍ പിവി അന്‍വര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു . ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചാല്‍ മത്സരിക്കാനും തയ്യാര്‍ എന്ന നിലപാടിലാണ് പിവി അന്‍വര്‍ എന്നാണ് സൂചന. യുഡിഎഫ് സ്ഥാനാര്‍ത്ഥി വരട്ടെ, സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടാകുമോ എന്ന് അതിനുശേഷം ആലോചിക്കാമെന്ന് പിവി അന്‍വര്‍ നേരത്തെ പ്രതികരിച്ചിരുന്നു. സ്ഥാനാര്‍ഥിയായി ഏത് ചെകുത്താനെയും പിന്തുണയ്ക്കുമെന്ന് ഇന്നലെ പറഞ്ഞ അന്‍വര്‍ ഇന്ന് തിരുത്തി. നല്ല ചെകുത്താന്‍ ആകണമെന്നായിരുന്നു പ്രതികരണം.

ഷൗക്കത്തിന് നിലമ്പൂരില്‍ കടുത്ത എതിര്‍പ്പുണ്ടെന്ന പക്ഷമാണ് അന്‍വര്‍ ഉയര്‍ത്തുന്നത്. വ്യക്തിപരമായി എതിരല്ല. ജയമാണ് പ്രധാന മെന്നും കടുപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെ തൃശങ്കുവിലാക്കുന്നു അവസാന നിമിഷത്തില്‍ അന്‍വര്‍. ഉപതിരഞ്ഞെടുപ്പ് എത്തിയിട്ടും മുന്നണി പ്രവേശനം നടക്കാത്തതിലുള്ള നീരസവും മറച്ചു വയ്ക്കുന്നില്ല. എന്നാല്‍ അന്‍വറിന്റെ ഇപ്പോഴത്തെ നിലപാട് സമ്മര്‍ദ്ദ തന്ത്രം എന്നതാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍. ഹൈക്കമാന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നാല്‍ രാഷ്ട്രീയ തുടര്‍ച്ചലനങ്ങള്‍ ഉറപ്പ്.

Be the first to comment

Leave a Reply

Your email address will not be published.


*