തിരുവനന്തപുരം ഡെപ്യൂട്ടി മേയറായി ആശാ നാഥ് ചുമതലയേറ്റു; ചടങ്ങ് ബഹിഷ്കരിച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം ഡെപ്യൂട്ടി മേയറായി BJP സ്ഥാനാർത്ഥി ആശാ നാഥ് ചുമതലയേറ്റു. ആശാനാഥ്‌- BJP – 50 വോട്ടുകൾ നേടിയപ്പോൾ, മേരി പുഷ്പം -യുഡിഎഫ് – 19, രാഖി രവികുമാർ – LDF -28 വോട്ടുകളും നേടി. 2 വോട്ട് അസാധുവായി.

UDF വിമതൻ സുധീഷ് കുമാർ വോട്ട് ചെയ്തില്ല. അതേസമയമ് ആർ ശ്രീലേഖ ചടങ്ങ് ബഹിഷ്കരിച്ചു. ഡെപ്യൂട്ടി മേയറായി ആശ നാഥ് ചുമതലയേൽക്കുന്നതിന് മുമ്പേ ശ്രീലേഖ ഹാൾ വിട്ടിറങ്ങി. മേയറായി വി വി രാജേഷ് ചുമത്തേയേൽക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുൻപേയും ആർ ശ്രീലേഖ ഹാൾ വിട്ടിറങ്ങിയിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുൻപേ അവർ ഹാൾ വിട്ടിറങ്ങിയത് പ്രവർത്തകർക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും അമ്പരപ്പുണ്ടാക്കി. അണികളുടെ പടക്കം പൊട്ടിക്കലിനോ മധുരവിതരണത്തിനോ കാത്തുനിൽക്കാതെയായിരുന്നു അവരുടെ ഈ മടക്കം. സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂര്‍ണമാകും മുമ്പ് തന്നെ ശ്രീലേഖ മടങ്ങുകയായിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോട് സംസാരിച്ച ശേഷം, പുറത്തേക്കിറങ്ങിയ ശ്രീലേഖ തനിച്ച് സ്വന്തം കാറ് വരുത്തിയാണ് തിരികെ പോയത്.

തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ട ആളായിരുന്നു ആർ. ശ്രീലേഖ. എന്നാൽ, അവസാന നിമിഷം വിവി രാജേഷിനെ മേയറാക്കാൻ പാർട്ടി തീരുമാനിച്ചതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖമായി നിന്ന് മികച്ച വിജയം നേടിയ തനിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന വികാരത്തിലാണ് ശ്രീലേഖ.

തന്റെ അതൃപ്തി അവർ ബിജെപി നേതൃത്വത്തെ നേരിട്ട് അറിയിച്ചതായാണ് വിവരം. ഇതിന്റെ തുടർച്ചയായാണ് ഔദ്യോഗിക ചടങ്ങുകൾ അവസാനിക്കും മുൻപേ അവർ മടങ്ങിയത്. ശ്രീലേഖയുടെ അതൃപ്തി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിൽ കേന്ദ്ര നേതൃത്വം അടിയന്തരമായി ഇടപെട്ടിട്ടുണ്ട്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സുരക്ഷിതമായ സീറ്റോ അല്ലെങ്കിൽ കേന്ദ്ര തലത്തിൽ നിർണ്ണായകമായ മറ്റ് പദവികളോ നൽകി അവരെ അനുനയിപ്പിക്കാനാണ് നീക്കം. മുതിർന്ന കേന്ദ്ര നേതാക്കൾ വരും ദിവസങ്ങളിൽ അവരുമായി നേരിട്ട് ചർച്ച നടത്തും.

Be the first to comment

Leave a Reply

Your email address will not be published.


*