രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കുറ്റവാളിയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ആശ സമരസമിതി വൈസ് പ്രസിഡന്റ് എസ് മിനി. നിയമസഭയിൽ നിന്നാണ് രാഹുൽ ആശാ സമരവേദിയിലെത്തിയത്.
കുറ്റവാളി ആയിരുന്നെങ്കിൽ രാഹുലിനെ സഭയിൽ നിന്നായിരുന്നു ആദ്യം പുറത്താക്കേണ്ടിയിരുന്നത്.
രാഹുലിനെ കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കണമെന്നാണ് നിലപാട്. വ്യക്തിയുടെ ക്രെഡിബിലിറ്റി തീരുമാനിക്കേണ്ടത് സമരസമിതി അല്ല അവർ തന്നെയാണെന്നും സമരവും രാഹുൽ വന്നതിലും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും എസ് മിനി വ്യക്തമാക്കി.
ക്ഷണിക്കാതെ ആശാ സമരവേദിയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിലുണ്ടെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സതീശൻ സമരസമിതിയെ അറിയിക്കുകയായിരുന്നു. രാഹുലെത്തിയതിൽ വലിയ അതൃപ്തി പ്രകടിപ്പിച്ച സതീശൻ വേദിയിലെത്താൻ തയ്യാറായില്ല.തുടർന്ന് രാഹുൽ മടങ്ങുകയും പ്രതിപക്ഷനേതാവ് ചടങ്ങിലെത്തി ആശവർക്കർമാരുടെ സമര പ്രതിജ്ഞ റാലി ഉദ്ഘാടനം ചെയ്തു. പിന്നീട് വി.ഡി.സതീശൻ മടങ്ങിയ ശേഷം രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സമരവേദിയിലെത്തുകയും ചെയ്തു.
എന്നാൽ, സംഭവം രാഹുൽ നിഷേധിച്ചു. ‘ഞാനിവിടെ ഉണ്ടെന്ന് അറിഞ്ഞിട്ട് തന്നെയല്ലേ പ്രതിപക്ഷ നേതാവ് ഇങ്ങോട്ട് തിരിച്ചത്, അദ്ദേഹം ഇവിടെ ഉദ്ഘാടകനാണെന്ന് അറിഞ്ഞിട്ട് തന്നെയല്ലേ ഞാനിവിടെ വന്നത്. നിങ്ങൾ അദ്ദേഹത്തെ വില കുറച്ചുകാണാൻ നിൽക്കണ്ട. ഈ സമരത്തെ പറ്റി ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്’-എന്നായിരുന്നു രാഹുൽ മാധ്യമങ്ങളോട് പറഞ്ഞത്.



Be the first to comment