‘മുഖ്യമന്ത്രിയെ കാണാതെ പോകില്ല’; സമരം കടുപ്പിച്ച് ആശമാർ, സി പി ജോണിനെയും ആശ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു

ക്ലിഫ് ഹൗസിന് മുന്നില്‍ സമരം കടുപ്പിച്ച് ആശ പ്രവര്‍ത്തകര്‍. മുഖ്യമന്ത്രി പിണറായി വിജയനെ കാണാതെ പിരിഞ്ഞുപോകില്ലെന്നാണ് ആശ പ്രവര്‍ത്തകരുടെ നിലപാട്. സമരം അവസാനിപ്പിക്കാന്‍ അഞ്ച് തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും ആശമാര്‍ ക്ലിഫ് ഹൗസിന് മുന്നില്‍വെച്ച ബാരിക്കേഡ് മറികടന്നു. യുഡിഎഫ് സെക്രട്ടറി സിപി ജോണിനെയും ആശ സമര നേതാവ് എസ് മിനി, എം എ ബിന്ദു, ഗിരിജ, ജിതിക, മീര എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ ഒരു പോലീസ് പ്രവർത്തകയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ആശവർക്കർമാർ പോലീസ് വാഹനം തടഞ്ഞു. തലസ്ഥാനത്ത് ശക്തമായ മഴയത്തും പിരിഞ്ഞു പോകാതെയുള്ള സമരമാണ് ആശമാര്‍ നടത്തുന്നത്. ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത ആളുകളും മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എത്തിയിരുന്നു. ക്ലിഫ് ഹൗസിന് മുന്നില്‍ പാത്രം കൊട്ടിയും ആശമാര്‍ സമരം ചെയ്തു. ഇതിനിടെ സമരം ചെയ്യുന്നവരുമായി പോലീസ് ചര്‍ച്ച നടത്തിയെങ്കിലും മുഖ്യമന്ത്രിയെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാട് ആശ പ്രവര്‍ത്തകര്‍ കടുപ്പിക്കുകയായിരുന്നു.

നാല് മണിക്കൂറിനടുത്തായി ആശമാരുടെ സമരം ക്ലിഫ് ഹൗസിന് മുന്നില്‍ തുടരുകയാണ്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശമാര്‍ നടത്തുന്ന സമരം എട്ട് മാസമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ന് ക്ലിഫ് ഹൗസിന് മുന്നില്‍ ആശമാര്‍ മാര്‍ച്ച് നടത്തിയത്. പിഎംജി ജംഗ്ഷനില്‍ നിന്ന് ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം.

Be the first to comment

Leave a Reply

Your email address will not be published.


*