
ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി ഒരു തുക പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ രാപകൽ സമരം ചെയ്യുന്ന ആശാ വർക്കേഴ്സിന്റെ സമരം നാലാം ഘട്ടത്തിലേക്ക്. സെക്രട്ടേറിയറ്റിന് മുൻപിലെ രാപകൽ അതിജീവന സമരത്തോടൊപ്പം, സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന വിധത്തിൽ ആശമാരുടെ രാപകൽ സമര യാത്ര ആരംഭിക്കും. മെയ് 5 മുതൽ കാസർകോട് നിന്നും ആരംഭിച്ച് ജൂൺ 17 തിരുവനന്തപുരത്ത് യാത്ര സമാപിക്കും. രണ്ടോ മൂന്നോ ദിവസങ്ങൾ ഓരോ ജില്ലകളിലും സഞ്ചരിക്കുന്ന ഈ സമരയാത്ര രാത്രികളിൽ സെക്രട്ടേറിയേറ്റിനു മുമ്പിലെ രാപകൽ സമരത്തിന് സമാനമായി തെരുവുകളിൽ തന്നെ അന്തിയുറങ്ങും. യാത്രയെ KAHWA ജനറൽ സെക്രട്ടറി എം എ ബിന്ദു ആയിരിക്കും നയിക്കുക. ലോക തൊഴിലാളി ദിനത്തിൽ യാത്ര സെക്രട്ടേറിയറ്റിന് മുന്നിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും.
ഓരോ ജില്ലകളിലും തങ്ങളെ പിന്തുണയ്ക്കുന്ന നൂറുകണക്കിനുള്ള സാമൂഹ്യ സാംസ്കാരിക സംഘടനകൾ, വ്യക്തികൾ, മത-സമുദായിക വ്യക്തിത്വങ്ങൾ, വിവിധതലത്തിലുള്ള ജനപ്രതിനിധികൾ, തൊഴിലാളികൾ, യുവാക്കൾ തുടങ്ങിയവരൊക്കെ മുൻകൈയെടുത്തുകൊണ്ട് സമരയാത്രയെ സ്വീകരിക്കുവാൻ ജില്ലാതല സ്വാഗത സംഘങ്ങൾ രൂപീകരിക്കും. 14 ജില്ലകളിലെയും വിവിധ നഗരങ്ങളിൽ നടക്കുന്ന സ്വീകരണ സമ്മേളനങ്ങളിൽ ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ വ്യക്തികൾ പങ്കെടുക്കും. 45 ദിവസങ്ങൾ യാത്ര ചെയ്തു സമരയാത്ര ജൂൺ 17ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പിൽ എത്തിച്ചേരുമ്പോൾ സംസ്ഥാനത്തെ ആശാപ്രവർത്തകർ ഒന്നടങ്കം ഈ സമരയാത്രയിൽ അണിചേരും
പട്ടിണിയില്ലാതെ ജീവിച്ചു പോകാനുള്ള മിനിമം ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തികച്ചും ദരിദ്രരായ സ്ത്രീ തൊഴിലാളികൾ നടത്തുന്ന ഒരു ഐതിഹാസിക സമരത്തെ, അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ അധികാര പ്രമത്തതകൊണ്ട് നേരിടുന്ന സർക്കാരിൻ്റെ നിലപാട് തിരുത്തിക്കാൻ നടത്തുന്ന ഈ സമരയാത്രയെ എല്ലാവിധത്തിലും പിന്തുണയ്ക്കണമെന്ന് സമര യാത്രയുടെ ക്യാപ്റ്റൻ എം എ ബിന്ദു കൂട്ടിച്ചേർത്തു.
അതേസമയം, ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിനു മുമ്പിൽ നടന്നുവരുന്ന ആശമാരുടെ രാപകൽ അതിജീവന സമരം 71-ാം ദിവസവും അനിശ്ചിതകാല നിരഹാരസമരം 33-ാം ദിവസവും പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉചിതമായ തീരുമാനം ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ആശാ പ്രവർത്തകർ പുതിയ സമരമുറയിലേക്ക് കടന്നത്.
s
Be the first to comment