ഉടന്‍ തന്നെ 1000 പുതിയ ട്രെയിനുകള്‍, രണ്ടു വര്‍ഷത്തിനകം ബുള്ളറ്റ് ട്രെയിന്‍ ഓടിത്തുടങ്ങും; റെയില്‍വേ മാറ്റത്തിന്റെ പാതയിലെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: ഉടന്‍ തന്നെ 1000 പുതിയ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി റെയില്‍വേ ശൃംഖലയില്‍ വലിയ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. 2027 ഓടെ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന്റെ വാണിജ്യ ഓട്ടം ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,000 പുതിയ ട്രെയിനുകള്‍ അവതരിപ്പിക്കാനാണ് പദ്ധതി. റെയില്‍ കയറ്റുമതിയില്‍ ഇന്ത്യന്‍ റെയില്‍വേയെ ഒരു പ്രധാന ആഗോള പങ്കാളിയാക്കാനും ലക്ഷ്യമിടുന്നുണ്ട്. രാജ്യത്ത് ചെലവ് കുറഞ്ഞ ചരക്കുനീക്കത്തിന് ഇന്ത്യന്‍ റെയില്‍വേയെ നട്ടെല്ലായി മാറ്റാനുള്ള ദീര്‍ഘകാല കാഴ്ചപ്പാടിന്റെ ഭാഗമായാണ് മാറ്റങ്ങള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

11 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 35,000 കിലോമീറ്റര്‍ ട്രാക്കുകള്‍ കൂടി ഇന്ത്യന്‍ റെയില്‍വേ ലൈനിന്റെ ഭാഗമാക്കി. ഇത് ജര്‍മ്മനിയുടെ മുഴുവന്‍ ശൃംഖലയുടെയും വലുപ്പത്തിന് തുല്യമാണെന്നും വൈഷ്ണവ് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം 5,300 കിലോമീറ്റര്‍ ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേ കൂട്ടിച്ചേര്‍ത്തത്. പ്രതിവര്‍ഷം 30,000 വാഗണുകളും 1,500 ലോക്കോമോട്ടീവുകളും നിര്‍മ്മിക്കുന്നു. ഇത് വടക്കേ അമേരിക്കയുടെയും യൂറോപ്പിന്റെയും സംയുക്ത ഉല്‍പ്പാദനത്തേക്കാള്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വേയിലെ നിക്ഷേപം 25,000 കോടി രൂപയില്‍ നിന്ന് 2.52 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായും പിപിപികളില്‍ നിന്ന് 20,000 കോടി രൂപ കൂടി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ജാപ്പനീസ് സഹകരണത്തോടെ ഫ്‌ലാഗ്ഷിപ്പ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പുരോഗമിക്കുകയാണ്. ആദ്യത്തെ പ്രോട്ടോടൈപ്പ് 2026 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടും. 2027 ഓടേ വാണിജ്യാടിസ്ഥാനത്തില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*