വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ക്കകം കേരളത്തില്‍ വിസ്മയങ്ങള്‍ ഉണ്ടാവും, ദയവ് ചെയത് ഇപ്പോള്‍ ചോദിക്കരുത്: വി ഡി സതീശന്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ വിസ്മയങ്ങള്‍ ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് പ്ലാറ്റ്‌ഫോമിലേക്ക് എല്‍ഡിഎഫിലെയും എന്‍ഡിഎയിലെയും കക്ഷികളും നിഷ്പക്ഷരായ ആളുകളും വരും. അവര്‍ ആരൊക്കെയാണ് എന്ന് ഇപ്പോള്‍ ദയവായി ചോദിക്കരുത്. കാത്തിരിക്കാനും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് എന്ന തരത്തില്‍ രാഷ്ട്രീയരംഗത്ത് ചര്‍ച്ചകള്‍ സജീവമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു വി ഡി സതീശന്‍. ‘കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇപ്പോഴും ഇടതുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഒന്നും ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. നിങ്ങളോട് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ വിസ്മയങ്ങള്‍ ഉണ്ടാവും. വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മതി. യുഡിഎഫിന്റെ പക്കലേക്ക് എല്‍ഡിഎഫ് കക്ഷികളും എന്‍ഡിഎ കക്ഷികളും നിക്ഷ്പക്ഷരായ ആളുകളും വരും. അത് ഉറപ്പായും വരും. അവര്‍ ആരൊക്കെയാണ് എന്ന് ദയവ് ചെയ്ത് ഇപ്പോള്‍ ചോദിക്കരുത്. കാത്തിരിക്കൂ.’ – വി ഡി സതീശന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കേ, കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാനുള്ള നീക്കം ശക്തമായിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി വിളിച്ച് യുഡിഎഫില്‍ ചേരാന്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സോണിയയും ജോസും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായി.

എഐസിസി ജനറല്‍ സെക്രട്ടഫി കെ സി വേണുഗോപാലാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സോണിയാഗാന്ധിയുമായുള്ള ടെലഫോണ്‍ സംഭാഷണം ജോസ് കെ മാണിയുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ ജോസ് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. കേരള കോണ്‍ഗ്രസിനെ മുന്നണിയിലെത്തിക്കാന്‍ കത്തോലിക്കാ സഭയുടെ പിന്തുണയോടെ കോണ്‍ഗ്രസിന്റെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളാണ് തന്ത്രപരമായ നീക്കം നടത്തുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*