നിയമസഭ തിരഞ്ഞെടുപ്പൊരുക്കം ചര്‍ച്ച; കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍

നിയമസഭ തിരഞ്ഞെടുപ്പൊരുക്കം ചര്‍ച്ച ചെയ്യാന്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് യോഗം വിളിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കും. 

സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ ഇന്ന് നടക്കും. കെപിസിസി ഭാരവാഹികള്‍, പ്രതിപക്ഷ നേതാവ്, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.ഓരോ മണ്ഡലത്തിലെയും വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളുടെ പേര് ചര്‍ച്ച ചെയ്യും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മല്‍സരത്തിനിറങ്ങിയാല്‍ അധ്യക്ഷ ചുമതല താത്കാലികമായി കൈമാറുന്നത് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യും. തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നയവും യോഗത്തില്‍ തീരുമാനിക്കും.

അതേസമയം, സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും നാളെ സംസ്ഥാന സമിതിയും ചേരും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളാണ് ചര്‍ച്ചാവിഷയം.

സംസ്ഥാന സമിതി യോഗത്തില്‍ കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിങ്ങും നടക്കും. മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പരാമര്‍ശവും നേതൃയോഗങ്ങളില്‍ ചര്‍ച്ച വിഷയമാകും. പരാമര്‍ശം പിന്‍വലിച്ച് സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും പ്രസ്താവന ഉണ്ടാക്കിയ രാഷ്ട്രീയ പ്രകമ്പനങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ശബരിമല സ്വര്‍ണക്കൊള്ള പ്രതിപക്ഷം വീണ്ടും സജീവമാക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും നേതൃയോഗങ്ങളില്‍ ചര്‍ച്ചയാകും.

സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റും ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ടേം നിബന്ധനയില്‍ ഇളവു നല്‍കുന്നത് തീരുമാനിക്കാനാണ് സെക്രട്ടറിയേറ്റ് ചേരുന്നത്. മൂന്ന് ടേം നിബന്ധനയില്‍ ഇളവ് നല്‍കണോ വേണ്ടയോ എന്ന് സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ഥികളെ സംബന്ധിച്ച പൊതു മാനദണ്ഡവും യോഗത്തില്‍ നിശ്ചയിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*