നിയമസഭ തിരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഫെബ്രുവരി ആദ്യവാരം ഉണ്ടായേക്കും. സിറ്റിംഗ്, സംവരണ സീറ്റുകളിലെ പട്ടിക ആദ്യം പ്രഖ്യാപിക്കും.പാലക്കാട്, തൃപ്പൂണിത്തുറ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പിന്നീടായിരിക്കും പ്രഖ്യാപിക്കുക. ഉച്ചയോടെ ഡല്‍ഹി കേരള ഹൗസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കേരളത്തിലെ നേതാക്കളുമായി ചര്‍ച്ചനടത്തും.
മത്സരിക്കാനില്ലെന്ന് കെ ബാബു നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്. എല്‍ദോസ് കുന്നപ്പിള്ളിയെ പെരുമ്പാവൂരില്‍ നിന്നും മാറ്റില്ല. തൃക്കാക്കരയില്‍ ഉമതോമസ് തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനങ്ങള്‍ എടുക്കും. ഡല്‍ഹിയിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ചര്‍ച്ചകളുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ രമേശ് ചെന്നിത്തല പ്രതികരിച്ചില്ല.
കെപിസിസി ഭാരവാഹികള്‍, പ്രതിപക്ഷ നേതാവ്, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.ഓരോ മണ്ഡലത്തിലെയും വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളുടെ പേര് ചര്‍ച്ച ചെയ്യും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മല്‍സരത്തിനിറങ്ങിയാല്‍ അധ്യക്ഷ ചുമതല താത്കാലികമായി കൈമാറുന്നത് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യും. തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നയവും യോഗത്തില്‍ തീരുമാനിക്കും.
അതേസമയം, സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും നാളെ സംസ്ഥാന സമിതിയും ചേരും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളാണ് ചര്‍ച്ചാവിഷയം.



Be the first to comment