2029 പൊതുതെരഞ്ഞെടുപ്പോടെ ലോക്‌സഭയില്‍ വനിതാ സംവരണം; കേരളത്തിലും സീറ്റ് വര്‍ധന, സുപ്രധാന നിയമ ഭേദഗതിക്ക് കേന്ദ്ര സർക്കാർ

ശ്രീനഗർ: 2029 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീ സംവരണ നിയമത്തിൽ സുപ്രധാന ഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. വനിതകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണ ചെയ്യാനാണ് പദ്ധതി. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലോക്‌സഭയിലും നിയമസഭാ സീറ്റുകളുടെ എണ്ണത്തിൽ വലിയ വർധനവ് പരിഗണനയിലുണ്ട്.

നിയമസഭ സീറ്റുകളുടെ എണ്ണം പരമാവധി 50 ശതമാനം വരെ ഉയർത്താനുള്ള പദ്ധതിയെക്കുറിച്ച് വിശകലനം നടത്തുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുതിയ നിർദേശ പ്രകാരം ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്നും 816 ആയി ഉയർത്തും. ഇതിൽ 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും. രാജ്യത്ത് വനിതാ സംവരണം യാഥാർഥ്യമാകുന്നതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ മാറ്റം വരും.

കേരളത്തിൽ നിലവിലുള്ള ലോക്‌സഭ സീറ്റുകളുടെ എണ്ണം 20-ൽ നിന്ന് 30 ആയും. നിയമസഭാ അംഗബലം 140-ൽ നിന്ന് 210 ആയും ഉയർന്നേക്കും എന്നുമാണ് സൂചനകൾ. ജമ്മു കശ്‌മീരിൽ നിയമസഭാ സീറ്റുകളുടെ എണ്ണം 90 ൽ നിന്ന് 135 ആയി വർധിപ്പിക്കും. ലോക്‌സഭാ പ്രാതിനിധ്യം അഞ്ചിൽ നിന്ന് ഏഴോ എട്ടോ സീറ്റുകളായി ഉയരും. ഈ ഭേദഗതി ബിൽ പാർലമെൻ്റ് പാസാക്കിയാൽ രാജ്യത്തെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ പ്രതിഫലിക്കും.

നിർദേശപ്രകാരം, 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. ഇത് ജമ്മു കശ്‌മീർ നിയമസഭയിൽ ഏകദേശം 45 സംവരണ സീറ്റുകളായി മാറും. ലോക്‌സഭയിൽ, ആകെ ഏഴായി ഉയർന്നാൽ രണ്ട് സീറ്റുകൾ അല്ലെങ്കിൽ എട്ടിൽ എത്തിയാൽ മൂന്ന് സീറ്റുകൾ സംവരണം ചെയ്യാം. ഈ നിർദേശത്തിൽ രാഷ്ട്രീയ സമവായം ഉണ്ടാക്കാൻ കേന്ദ്രം ശ്രമങ്ങൾ ആരംഭിച്ചു. ലോക്‌സഭയിലെ പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടെ നിരവധി പാർട്ടികളുമായി കൂടിയാലോചനകൾ നടക്കുന്നുണ്ട്.

എന്നിരുന്നാലും, നാഷണൽ കോൺഫറൻസ് ഇക്കാര്യത്തിൽ സമീപിച്ചിട്ടില്ല. അവരുമായി കൂടിയാലോചന നടന്നിട്ടില്ലെന്ന് ജമ്മു കശ്‌മീർ നാഷണൽ കോൺഫറൻസ് നേതാവ് ചൗധരി മുഹമ്മദ് റംസാൻ പറഞ്ഞു. പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിൻ്റെ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്‌തതായി അദ്ദേഹം പറഞ്ഞു. തുടർന്ന് യോഗത്തിലെ നേതാക്കൾ ഒരു സർവകക്ഷി ചർച്ചയ്ക്ക് ആഹ്വാനം ചെയ്‌തു.

കേന്ദ്രം ഒരു യോഗം വിളിച്ച് നിർദിഷ്‌ട നിയമത്തിൻ്റെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന് അവർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമനിർമ്മാണത്തിലൂടെ നിർദേശം അംഗീകരിച്ചാൽ, 2029 ലെ ജമ്മു കശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പിനും ഇത് ബാധകമാകും. നിലവിലെ നിയമസഭയുടെ കാലാവധി 2029 നവംബർ 3 നാണ് അവസാനിക്കുക.

നിയമം പാസാക്കിയതിനുശേഷം, നിയോജകമണ്ഡല അതിർത്തികൾ പുനർനിർണയിക്കുന്നതിനായി കേന്ദ്രം ഒരു ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സെൻസസ് അടിസ്ഥാനപ്പെടുത്തിയാകും സീറ്റ് പുനർനിർണയം. ഈ ബജറ്റ് സമ്മേളനത്തിൽ തന്നെ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ ലക്ഷ്യമിടുന്നെന്നാണ് റിപ്പോർട്ടുകൾ.

Be the first to comment

Leave a Reply

Your email address will not be published.


*