യു.എസ് ക്യാമ്പസുകളിലെ പലസ്തീൻ അനുകൂല പ്രക്ഷോഭം ശക്തമാവുന്നു: വീഡിയോ

വാഷിംഗ്ടൺ: യു.എസ് ക്യാമ്പസുകളിലെ പലസ്തീൻ അനുകൂല പ്രക്ഷോഭം ശക്തമാവുന്നു. ശനിയാഴ്ച മാത്രം നാല് ക്യാമ്പസുകളിൽനിന്നായി 275-ഓളം പ്രക്ഷോഭകരെയാണ് അറസ്റ്റുചെയ്തത്. ഏപ്രിൽ 18 മുതൽ 800-ലേറെപ്പേർ അറസ്റ്റുചെയ്യപ്പെട്ടെന്നാണ് വിവരം.

ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽനിന്ന് 100 പേരും സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽനിന്ന് 80 പേരും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് 72 പേരും ഇന്ത്യാന യൂണിവേഴ്സിറ്റിയിൽനിന്ന് 23 പേരുമാണ് ശനിയാഴ്ച അറസ്റ്റിലായത്.

ലോസ് ഏഞ്ചൽസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ ഇസ്രയേൽ- പലസ്തീൻ അനുകൂലികൾ തമ്മിൽ ഏറ്റുമുട്ടി. ഹാർവാഡ് സർവകലാശാലയിലെ പ്രക്ഷോഭകർ ഇവി ലീഗ് സ്കൂളിൽ അമേരിക്കൻ പതാകമാത്രമുയർത്താൻ മാറ്റിവെച്ചയിടത്ത് പലസ്തീൻ പതാക ഉയർത്തി. വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഡിന്നറിൻ്റെ വേദിയായ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലും പ്രക്ഷോഭകർ കൂറ്റൻ പലസ്തീൻ പതാക ഉയർത്തി.

പ്രക്ഷോഭങ്ങൾ സമാധാനപരമായിരിക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. കൊളംബിയ സർവകലാശാലയിൽ നൂറോളം വിദ്യാർഥികളാണ് ഇസ്രയേൽവിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. ഇസ്രയേലുമായുള്ള എല്ലാ ഇടപാടുകളും സർവകലാശാലകൾ റദ്ദാക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളാണ് പ്രക്ഷോഭകർ ഉന്നയിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*