
അതിരമ്പുഴ: അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രം പൊടുന്നനെ ഒരു പ്രസവമുറിയൊരുക്കി.അരനൂറ്റാണ്ടിനു ശേഷം ആശുപത്രിയിലെ ആദ്യ ജനനം. ആശുപത്രിക്കും അമ്മയ്ക്കും പൊൻകുഞ്ഞ്.ഗൈനക്കോളജി വിഭാഗമോ ഡോക്‌ടറോ ഇല്ലാതിരുന്നിട്ടും മെഡിക്കൽ ഓഫിസർ കെ.ജെ.നിസ്സിയുടെ നിർദേശപ്രകാരം പീഡിയാട്രിക് ഡോക്‌ടർ ആശ സുകുമാരൻ യുവതിയെ പ്രവേശിപ്പിച്ച് പ്രസവ ചികിത്സ നൽകുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഗൈനക്കോളജി വിഭാഗമില്ലാതതിനാൽ പ്രസവാനന്തര ചികിത്സ നൽകാൻ വഴിയില്ല. അതു കൊണ്ട് 108 ആംബുലൻസിൽ ജീവനക്കാർ തന്നെ അമ്മയെയും കുഞ്ഞിനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിരമ്പുഴ സ്വദേശിനിയാണ് ഇന്നലെ രാവിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രസവിച്ചത്. പ്രസവവേദനയെ തുടർന്ന് അവശനിലയിലാണ് ഇവർ ആശുപത്രിയിൽ എത്തിയത്. നഴ്സമാരായ മിനി ജോസഫ്, അനു സി.തോമസ്, പുഷ്പവല്ലി, ഷീജ എന്നിവർ സഹായികളായി. ഒൻപതോടെ യുവതി പ്രസവിച്ചു. ആരോഗ്യവതിയായ കുഞ്ഞിന് 2.7 കിലോ തൂക്കമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞുസ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് സ്‌ഥാപിതമായ അതിരമ്പുഴ ആശുപത്രിയിൽ അരനൂറ്റാണ്ട് മുൻപ് വരെ പോസ്റ്റ്മോർട്ടം, പ്രസവ ചികിത്സ എന്നിവ ഉൾപ്പെടെയുള്ളവ നടന്നിരുന്നു. പിന്നീട് ഇവ നിലച്ചു.
Be the first to comment