
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡന കേസ് പ്രതിയായ അറ്റൻഡർ എ എം ശശീന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റേതാണ് ഉത്തരവ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളെ പിരിച്ചു വിടണമെന്ന് മെഡിക്കൽ കോളജ് ഭരണ നിർവഹണ വിഭാഗം ശിപാർശ നൽകിയിരുന്നു.
2023 മാർച്ച് 18 നാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴിഞ്ഞ യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ എംഎം ശശീന്ദ്രന്‍ പീഡിപ്പിച്ചത്. സസ്പെൻഷനിലായിരുന്ന പ്രതിയെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് അതിജീവിതയും ആശുപത്രിയിലെ മറ്റ് ജീവനക്കാരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആഭ്യന്തര സമിതിയുടെ അന്വേഷണത്തിൽ ഇയാൾ തെറ്റുക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ ഉത്തരവിലാണ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഒപ്പുവെച്ചിരിക്കുന്നത്. ഉത്തരവ് ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്.
അതേസമയം, പോരാട്ടം വിജയം കണ്ടെന്ന് അതിജീവിത പ്രതികരിച്ചു. പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിടുക മാത്രമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത് എന്നാൽ അയാൾ ചെയ്തത കുറ്റത്തിനുള്ള ശിക്ഷ കോടതി തന്നെ തീരുമാനിക്കണം. ഒരുപാട് താമസിച്ചാണെങ്കിലും മുന്നിൽ ഒരു വെളിച്ചം കാണുന്നുണ്ടെന്നും പൂർണമായും നീതി ലഭിച്ചിട്ടില്ലെന്നും നിയമപോരാട്ടം തുടരുമെന്നും അതിജീവിത പറഞ്ഞു.
Be the first to comment