ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിനെ എല്ലാ ഫോർമാറ്റിലും ഇനി സോഫി മോളിനക്‌സ് നയിക്കും

മെൽബൺ: ഓസ്‌ട്രേലിയയുടെ വനിതാ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ക്യാപ്റ്റനായി സോഫി മോളിനക്‌സിനെ നിയമിച്ചതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. മാർച്ചിൽ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്ന അലിസ്സ ഹീലിക്ക് പകരക്കാരിയായി താരം ചുമതലയേല്‍ക്കും.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളിൽ ഓസീസിനെ അലിസ്സ ഹീലി അവസാനമായി നയിക്കും. ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽ അലിസ്സയ്‌ക്കൊപ്പം മോളിനക്‌സ് വൈസ് ക്യാപ്റ്റനായി പ്രവർത്തിക്കും. 28 കാരിയായ ഇടംകൈയ്യൻ സ്‌പിന്നർ സോഫി മോളിനക്‌സ് ഫെബ്രുവരി 15 ന് ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെ ക്യാപ്റ്റൻസിയിൽ അരങ്ങേറ്റം കുറിക്കും. ഓൾറൗണ്ടർമാരായ ആഷ്‌ലി ഗാർഡ്‌നറേയും തഹ്ലിയ മഗ്രാത്തിനെയും എല്ലാ ഫോർമാറ്റുകളിലും വൈസ് ക്യാപ്റ്റൻമാരായി നിയമിച്ചു.

സോഫി മോളിനക്‌സിന്‍റെ ക്രിക്കറ്റ് യാത്ര

ഓസ്‌ട്രേലിയയുടെ വൈറ്റ്-ബോൾ ക്രിക്കറ്റ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് സോഫി മോളിനക്‌സ്. 2018 മാർച്ചിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം 2018 ലും 2020 ലും ഐസിസി വനിതാ ടി20 ലോകകപ്പ് നേടിയ ടീമുകളുടെ ഭാഗമായിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ, ഓസ്‌ട്രേലിയയ്‌ക്കായി മൂന്ന് ടെസ്റ്റുകളും 17 ഏകദിനങ്ങളും 38 ടി20 മത്സരങ്ങളും അവർ കളിച്ചിട്ടുണ്ട്. അതേസമയം ‘ഓസ്ട്രേലിയൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ ബഹുമതിയാണെന്ന് മോളിനെക്‌സ് പറഞ്ഞു.

ഇന്ത്യൻ വനിതാ ടീമിന്‍റെ ഓസ്‌ട്രേലിയൻ പര്യടനം

ഇന്ത്യൻ വനിതാ ടീം ഓസ്‌ട്രേലിയൻ പര്യടനത്തിൽ 3 ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളും 1 ടെസ്റ്റ് മത്സരവും കളിക്കും. ഫെബ്രുവരി 15, 19, 21 തീയതികളിൽ ഇരുടീമുകളും ആദ്യം മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര കളിക്കും, തുടർന്ന് ഫെബ്രുവരി 24, 27, മാർച്ച് 1 തീയതികളിൽ മൂന്ന് ഏകദിന മത്സരങ്ങളും നടക്കും. മാർച്ച് 6 ന് പെർത്തിൽ ആരംഭിക്കുന്ന ഒരു ടെസ്റ്റ് മത്സരത്തോടെയാണ് പര്യടനം അവസാനിക്കുന്നത്.

ഓസ്‌ട്രേലിയ ടി20 ടീം: സോഫി മോളിനക്‌സ് (ക്യാപ്റ്റൻ), ആഷ്‌ലീ ഗാർഡ്‌നർ (വൈസ് ക്യാപ്റ്റൻ), തഹ്ലിയ മഗ്രാത്ത് (വൈസ് ക്യാപ്റ്റൻ), ഡാർസി ബ്രൗൺ, നിക്കോള കാരി, കിം ഗാർത്ത്, ഗ്രേസ് ഹാരിസ്, ഫീബ് ലിച്ച്‌ഫീൽഡ്, ബെത്ത് മൂണി, എല്ലിസ് പെറി, മേഗൻ ഷൂട്ട്, അന്നബെൽ സതർലാൻഡ്, ജോർജിയ വോൾ, ജോർജിയ വെയർഹാം.

ഓസ്‌ട്രേലിയ ഏകദിന ടീം: അലിസ്സ ഹീലി (ക്യാപ്റ്റൻ), സോഫി മോളിനക്‌സ് (വൈസ് ക്യാപ്റ്റൻ), ഡാർസി ബ്രൗൺ, നിക്കോള കാരി, ആഷ്‌ലീ ഗാർഡ്‌നർ, കിം ഗാർത്ത്, അലാന കിംഗ്, ഫീബ് ലിച്ച്‌ഫീൽഡ്, ബെത്ത് മൂണി, താലിയ മഗ്രാത്ത്, എല്ലിസ് പെറി, അന്നബെൽ സതർലാൻഡ്, ജോർജിയ വോൾ, ജോർജിയ വെയർഹാം.

ഓസ്ട്രേലിയ ടെസ്റ്റ് ടീം : അലിസ്സ ഹീലി (ക്യാപ്റ്റൻ), സോഫി മോളിനക്‌സ് (വൈസ് ക്യാപ്റ്റൻ), ഡാർസി ബ്രൗൺ, ആഷ്‌ലീ ഗാർഡ്‌നർ, കിം ഗാർത്ത്, ലൂസി ഹാമിൽട്ടൺ, അലാന കിംഗ്, ഫീബ് ലിച്ച്‌ഫീൽഡ്, ബെത്ത് മൂണി, താലിയ മഗ്രാത്ത്, എല്ലിസ് പെറി, അന്നബെൽ സതർലാൻഡ്, ജോർജിയ വോൾ, ജോർജിയ വെയർഹാം.

Be the first to comment

Leave a Reply

Your email address will not be published.


*