തെളിയിച്ചത് 26.17 ലക്ഷം ദീപങ്ങൾ, 2,128 പേർ ഒരുമിച്ച ‘ആരതി’; ലോക റെക്കോർഡിൽ മുത്തമിട്ട് അയോധ്യ ദീപോത്സവ്

അയോധ്യ: ദീപാവലി ആഘോഷത്തിൽ രണ്ട് പുതിയ ലോക റെക്കോർഡുകൾക്ക് തിരി തെളിയിച്ച് അയോധ്യ ദീപോത്സവ്. ആഘോഷത്തിൻ്റെ ഭാഗമായി 2,128 പേർ ഒരുമിച്ച് ‘ആരതി’ ഉഴിഞ്ഞതായും 26.17 ലക്ഷം ദീപങ്ങൾ ഒരേ സ്ഥലത്ത് തെളിഞ്ഞതായും ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.

ഡ്രോണുകൾ ഉപയോഗിച്ച് ഡയസിൻ്റെ എണ്ണം പരിശോധിച്ച ശേഷമാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചെന്ന വിവരം അധികൃതർ അറിയിച്ചതെന്ന് സർക്കാർ പ്രസ്‌താവനയിൽ പറഞ്ഞു. യുപി ടൂറിസം, സാംസ്‌കാരിക മന്ത്രി ജയ്‌വീർ സിങ്ങും പ്രിൻസിപ്പൽ സെക്രട്ടറി അമൃത് അഭിജാതും ചേർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.

യുപി ടൂറിസം വകുപ്പ്, അയോധ്യ ഭരണകൂടം, രാംമനോഹർ ലോഹ്യ അവധ് സർവകലാശാല എന്നിവ സംയുക്തമായാണ് എണ്ണ വിളക്കുകൾ കത്തിച്ചത്. ഒരേസമയം, ഏറ്റവും കൂടുതൽ പേർ ആരതി അർപ്പിച്ചതിന് മറ്റൊരു റെക്കോഡ് കൂടി ലഭിച്ചു. ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും അയോധ്യയിലെ സരയു ആരതി സമിതിയും സംയുക്തമായി ഈ നേട്ടം കൈവരിച്ചതായി പ്രസ്‌താവനയിൽ പറയുന്നു.

2017-ൽ 1.71 ലക്ഷം, 2018-ൽ 3.01 ലക്ഷം, 2019-ൽ 4.04 ലക്ഷം, 2020-ൽ 6.06 ലക്ഷം, 2021-ൽ 9.41 ലക്ഷം, 2022-ൽ 15.76 ലക്ഷം, 2023-ൽ 22.23 ലക്ഷം, 2024-ൽ 25.12 ലക്ഷം എന്നിങ്ങനെയായിരുന്നു ദീപങ്ങളുടെ എണ്ണം. ഓരോ വർഷവും ദീപങ്ങളുടെ എണ്ണം വർധിച്ചെന്നും സർക്കാർ പറഞ്ഞു.

“മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ, ദീപോത്സവ് പ്രകാശത്തിൻ്റെ ഉത്സവം എന്നതിൽ നിന്ന് അഭിമാനത്തിൻ്റെയും സ്വത്വത്തിൻ്റെയും ഉത്സവമായി മാറിയിരിക്കുന്നു. വിശ്വാസവും അച്ചടക്കവും വികസനവും ഒരുമിച്ച് തിളങ്ങുന്ന രാമരാജ്യത്തിൻ്റെ ജീവനുള്ള രൂപമായിട്ടാണ് ഇന്ന് ലോകം മുഴുവൻ അയോധ്യയെ കാണുന്നത്” ടൂറിസം മന്ത്രി പറഞ്ഞു. “ഇവിടെ കത്തിക്കുന്ന ഓരോ ദീപവും ഉത്തർപ്രദേശിൻ്റെയും ഭാരതത്തിൻ്റെയും ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

ദീപാവലി ആഘോഷം

രാജ്യം ദീപാവലി ആഘോഷത്തിൻ്റെ തിരക്കിലാണ്. ‘തമസോമാ ജ്യോതിര്‍ഗമയ’ എന്ന വാക്യത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ദീപാവലി ആഘോഷിക്കുന്നത്. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപങ്ങള്‍ തെളിയിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്‌തും ദീപാവലി ആഘോഷിക്കുന്നു. സാമ്പത്തിക ഉയര്‍ച്ചയ്‌ക്ക് വേണ്ടി സമ്പത്തിൻ്റെ ദേവതയായ ധനലക്ഷ്‌മിയെ പൂജിക്കുന്ന സമയം കൂടിയാണിത്.

Be the first to comment

Leave a Reply

Your email address will not be published.


*