സിനിമ പ്രമോഷനുകളിൽ ചലച്ചിത്ര താരങ്ങൾ പങ്കെടുക്കുന്നില്ല എന്ന ഗുരുതര ആരോപണവുമായി നിർമാതാക്കളുടെ സംഘടന. ഫെഫ്കെയും ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയും ഒരുമിച്ച് തീരുമാനിച്ച സേവനവേദന കരാർ ഒപ്പിടുന്ന ചടങ്ങിലാണ് സംഘടനകൾ നിലപാട് വ്യക്തമാക്കിയത്. നടൻ ബിജു മേനോൻ്റെ പേരെടുത്ത് പറഞ്ഞായിരുന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ്റെ വിമർശനം.
ഒരു സിനിമയ്ക്ക് വേണ്ടി ഒരു താരം കരാറുകൾ ഒപ്പിടുമ്പോൾ ആ ചലച്ചിത്രത്തിൻ്റെ പ്രമോഷനും നിലവിൽ കരാറിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ സിനിമ പ്രമോഷനുകളിൽ ചലച്ചിത്ര താരങ്ങൾ പങ്കെടുക്കാത്തത് കാരണം നിർമാതാക്കൾക്ക് വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്ന് ബി ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തി. 16 മണിക്കൂർ നിലവിൽ ചിത്രീകരണത്തിന്റെ കാൾ ഷീറ്റ് ഉണ്ടെങ്കിലും ലഭിക്കുന്ന സമയം പൂർണമായി ഉപയോഗപ്പെടുത്താൻ ചലച്ചിത്ര പ്രവർത്തകർക്ക് ആവുന്നില്ല. പലപ്പോഴും സെറ്റുകളിൽ വൈകിയെത്തുന്ന അഭിനേതാക്കളാണ് ഷൂട്ടിങ്ങിന് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമ ചിത്രീകരണത്തിൻ്റെ ദിവസങ്ങൾ അനിയന്ത്രിതമായി വർധിക്കുന്നു. നിലവിലെ കരാർ അനുസരിച്ച് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വേദന വാങ്ങുന്ന എല്ലാവരും നിർമ്മാണം നീളുന്നതുമൂലമുള്ള നഷ്ടത്തിൻ്റെ 10 ശതമാനം വഹിക്കണം എന്നാണ് പുതിയ തീരുമാനം.
അനൂപ് കണ്ണൻ നിർമിച്ച ചിത്രത്തിൻ്റെ സാറ്റലൈറ്റ്/ഡിജിറ്റൽ അവകാശം വാങ്ങിയ ചാനൽ, ബിജു മേനോൻ അവരുടെ ഷോയിൽ പങ്കെടുക്കണമെന്ന് നിബന്ധന വെച്ചിരുന്നു. എന്നാൽ താരം പങ്കെടുക്കാത്തതിനെ തുടർന്ന് കരാർ തുകയിൽ നിന്ന് 25 ലക്ഷം രൂപ ചാനൽ കുറച്ചു. ഇത് നിർമാതാവിന് വലിയ തിരിച്ചടിയായി.
സംഘടനയ്ക്ക് പറയാനുള്ളതാണ് ഫെഫ്ക ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ പത്രസമ്മേളനത്തിലൂടെ മാധ്യമങ്ങളെ അറിയിച്ചതെന്ന് പ്രൊഡ്യൂസർ അസോസിയേഷൻ പ്രസിഡൻ്റ് ബി രാകേഷ് ഇ ടിവി ഭാരതിനോട് വ്യക്തമാക്കി. പല ചലച്ചിത്ര താരങ്ങളും പ്രമോഷൻ അടക്കമുള്ള കരാറിലുള്ള കാര്യങ്ങൾ ലംഘിക്കുന്നത് മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ചലച്ചിത്ര നിർമാതാക്കൾ നേരിടുന്നത്. ഇതേ പ്രശ്നം നിരവധി തവണ നിരവധി താരങ്ങളിൽ നിന്ന് നിർമാതാക്കൾ നേരിടുകയുണ്ടായി. പലതവണ ചർച്ച ചെയ്തിട്ടാണ് പ്രശ്നത്തിൻ്റെ ഗൗരവസഭാവം കണക്കിലെടുത്ത് വിശദാംശങ്ങൾ പുറത്തുവിട്ടതെന്നും ബി രാകേഷ് പറഞ്ഞു.
ചലച്ചിത്ര നിർമ്മാണം 16 മണിക്കൂറിൽ നിന്ന് 12 മണിക്കൂർ ആയി ചുരുക്കുന്നതിനെക്കുറിച്ചും സാങ്കേതിക പ്രവർത്തകരുടെ ദിവസവേതനം പുനഃക്രമീകരിക്കുന്നതിനെക്കുറിച്ചും സംഘടനയുടെ പ്രതിനിധികൾ സംസാരിച്ചു.



Be the first to comment