കുഞ്ഞോമനകളെ കണ്ണെഴുതിയും പൊട്ടുതൊടീച്ചും നടത്തിക്കാൻ മാതാപിതാക്കൾക്ക് ഏറെ ആവേശമാണ്. കുഞ്ഞുങ്ങൾക്ക് കണ്ണേറ് തട്ടാതിരിക്കാനാണെന്നാണ് വിശ്വാസം. എന്നാൽ ഈ ശീലം നിങ്ങളുടെ കുഞ്ഞുങ്ങളുടെ കുഞ്ഞിക്കണ്ണുകള്‍ക്ക് എത്രത്തോളം ദോഷം ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
വീടുകളില്‍ ഉണ്ടാക്കിയിരുന്ന കണ്‍മഷിയായിരുന്നു ഒരുകാലത്ത് കുട്ടികള്‍ക്ക് കണ്ണെഴുതാന്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന്, അത് കാജല്‍, ഐലൈനര്‍, ഐ പെന്‍സില്‍ എന്നിവയിലേക്ക് എത്തിയിരിക്കുന്നു. കടകളില്‍ നിന്നും വാങ്ങുന്ന ഇത്തരം കണ്‍മഷികളും ഐ ലൈനറുകളും കുട്ടികളുടെ കണ്ണിനെയും കാഴ്ചശക്തിയെയും സാരമായി തന്നെ ബാധിക്കാനിടയുണ്ടെന്ന് ശിശുരോഗവിദഗ്ധരും പറയുന്നു.
കുഞ്ഞുങ്ങളുടെ കണ്ണുകൾക്ക് ഇത് അസ്വസ്ഥതയും അണുബാധയും വീക്കവുമൊക്കെ ഉണ്ടാക്കും. വിപണിയിൽ ഇന്നിറങ്ങുന്ന കൺമഷികളും ശുദ്ധമാണെന്ന് ഉറപ്പിക്കാൻ സാധിക്കില്ല. അവയിൽ ദോഷകരമായ പല രാസവസ്തുക്കളും കാർബൺ, ലെസ് പോലുള്ള വിഷവസ്തുക്കളും അടങ്ങിയിട്ടുണ്ടാവാം.
ഇത് കുഞ്ഞുങ്ങളുടെ കണ്ണുകൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. കുഞ്ഞുങ്ങളുടെ കണ്ണിന് ചുറ്റുമുള്ള ചർമം അതിലോലമാണ്. ചെറിയ തോതിലാണെങ്കിൽ പോലും രാസവസ്തുക്കളുമായുള്ള സമ്പർക്കം വലിയ ക്ഷതങ്ങളുണ്ടാക്കും. ഇത്തരം കൺമഷികൾ കുഞ്ഞുങ്ങൾക്ക് സുരക്ഷിതമല്ല. ചില കേസുകളിൽ അണുബാധ ഗുരുതരമാകുകയും വൈദ്യചികിത്സയും ഐ ഡ്രോപ്സും ആവശ്യമായി വരുകയും ചെയ്യാം.
ഇനി കണ്ണെഴുതിയേ പറ്റൂ എന്ന് നിര്‍ബന്ധമുളളവരാണെങ്കില്‍ വീട്ടില്‍ തന്നെ തയാറാക്കിയ ശുദ്ധമായ കണ്‍മഷി ഉപയോഗിക്കാം. ഒരു വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളിൽ ഒരു കാരണവശാലും കൺമഷിയെഴുതാൻ പാടില്ല. കൺമഷി ദീർഘകാലം ഉപയോഗിക്കുന്നത് കണ്ണിന്റെ നേർത്ത പുറംപാളിയായ കോർണിയയ്ക്ക് തകരാറുണ്ടാക്കുകയും കുട്ടിയുടെ കാഴ്ചശക്തി ദുർബലപ്പെടുത്തുകയും ചെയ്യാം.



Be the first to comment