‘ബാഹുബലി’ കുതിച്ചു; സി എം എസ്-03 ഉപഗ്രഹ വിക്ഷേപണം വിജയം

രാജ്യത്തിന്റെ സൈനിക സേവനങ്ങള്‍ക്ക് കരുത്തുപകരുന്ന വാര്‍ത്താവിനിമയ ഉപഗ്രഹമായ സി എം എസ് -03 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്ന എല്‍വിഎം3 ഉപഗ്രഹത്തെ നിര്‍ദിഷ്ട ഭ്രമണപഥത്തിലെത്തിച്ചു. 

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്‌സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് 5.26ന് എല്‍വിഎം 3 ലോഞ്ച് വെഹിക്കിളിലായിരുന്നു വിക്ഷേപണം. രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ 03 ദൗത്യം വിജയകരമാക്കിയ ബാഹുബലിയെന്ന് വിളിപ്പേരുള്ള എല്‍വിഎം3യുടെ അഞ്ചാം കുതിപ്പും വിജയകരമാണ്. ഇന്ത്യയില്‍ നിന്ന് ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് അയക്കുന്ന ഏറ്റവും ഭാരംകൂടിയ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ് 03. ഭാരം 4410 കിലോഗ്രാമാണ്.

2013ല്‍ വിക്ഷേപിച്ച ജിസാറ്റ് -7 അഥവാ രുക്മിണി ഉപഗ്രഹത്തിന്റെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് ഐഎസ്ആര്‍ഒ നാവികസേനയുമായി സിഎംഎസ് 03 കരാര്‍ ഒപ്പിട്ടത്. ജിസാറ്റ് -7 നേക്കാള്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഇതിലുണ്ട്. ദേശസുരക്ഷയില്‍ അതിനിര്‍ണായകമാണ് ദൌത്യം. സമുദ്രമേഖലയില്‍ വാര്‍ത്താവിനിമയ ബന്ധം ശക്തിപ്പെടുത്തുകയാണ് സിഎംഎസ് 03യുടെ പ്രധാനലക്ഷ്യം. നാവിക സേനയുടെ കരയിലുള്ള വിവിധ കമാന്‍ഡ് സെന്ററുകളും വിമാനവാഹിനി കപ്പലുകള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ വ്യൂഹങ്ങളും തമ്മിലുള്ള വാര്‍ത്ത വിനിമയം ലക്ഷ്യമിട്ടുള്ള ഉപഗ്രഹം നാവികസേനക്ക് ഉപഗ്രഹം മുതല്‍ക്കൂട്ടാകും. കര നാവിക വ്യോമസേനകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ സുഗമമാക്കാനും ഇത് ഉപകരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*