വാഴപ്പിണ്ടി തോരൻ കഴിച്ചിട്ടുണ്ടോ? കിഡ്നി സ്റ്റോണിന് ബെസ്റ്റാ

സ്വന്തം പറമ്പിലെ പോഷകസമൃദ്ധമായ വിഭവങ്ങളെ മറന്നിട്ടാണ് പലരും വില കൂടിയ വിദേശ പഴങ്ങളും പച്ചക്കറികളും പിശുക്കില്ലാതെ വാങ്ങുന്നത്. അങ്ങനെ മറന്നുകളഞ്ഞ ഒന്നാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി തോരനും വിഭവങ്ങളും പണ്ടുള്ളവരുടെ ഭക്ഷണക്രമത്തിൽ പതിവുള്ളതായിരുന്നു. ഇന്ന് അത്തരം വിഭവങ്ങൾ കുറഞ്ഞു. വാഴയുടെ എല്ലാ ഭാ​ഗങ്ങളും പോഷകസമ്പുഷ്ടമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും വിറ്റാമിനുകളുടെയും കലവറയാണ്. വാഴപ്പഴത്തിന്റെ അതെ ​ഗുണങ്ങളാണ് വാഴപ്പിണ്ടിക്കുമുള്ളത്.

നാരുകള്‍

വാഴപ്പിണ്ടി കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ ആരോ​ഗ്യത്തിന് വളരെ മികച്ചതാണ്. നാരുകളുടെ വന്‍ശേഖരമാണ് വാഴപിണ്ടി. അതുകൊണ്ടു തന്നെ വാഴപ്പിണ്ടി വയറു ശുചിയാക്കുന്നതിനും മലബന്ധം അകറ്റുന്നതിനും ഉത്തമ പരിഹാരമാണ്. ദഹനം മെച്ചപ്പെടുത്താനും ഇത് മികച്ചതാണ്.

കുടവയറും അമിതവണ്ണവും

കുടവയറു മലയാളികള്‍ക്ക് ഇപ്പോള്‍ സാധാരണമാണ്. വയറിനുള്ളിലെ കൊഴുപ്പ് ഉരുക്കാനും അതുവഴി കുടവയറും അമിതവണ്ണവും നിയന്ത്രിക്കാന്‍ വാഴപ്പിണ്ടി മികച്ചതാണ്. ജീവിതശൈലി രോ​ഗങ്ങളായ പ്രമേഹം, രക്തസമ്മർ​ദം എന്നിവയുള്ളവർക്ക് വാഴപ്പിണ്ടി കൊണ്ടുള്ള വിഭവങ്ങൾ പതിവായി കഴിക്കുന്നത് നല്ലതാണ്. ഇത് പ്രതിരോ​ധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കും.

പ്രതിരോധശേഷി

നമ്മുടെ പ്രതിരോധശേഷിയെ മെച്ചപ്പെടുത്താന്‍ വാഴപ്പിണ്ടിയിലെ പോഷകഗുണങ്ങള്‍ക്ക് സാധിക്കും. ഇത് ജലദോഷം, ചുമ, അണുബാധ പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നല്ലതാണ്.

വിളര്‍ച്ച

ഇരുമ്പ് ധാരാളം ‍അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച തടയാൻ വാഴപ്പിണ്ടി വളരെ നല്ലതാണ്. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു. ഇതിൽ പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദവും ഉള്ളവർക്ക് മികച്ച ഭക്ഷണമാണിത്.

കിഡ്നി സ്റ്റോണ്‍

വിശപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും സഹായിക്കുന്ന ഭക്ഷണവിഭവമാണ് വാഴപ്പിണ്ടി. കിഡ്‌നിയില്‍ അടിഞ്ഞു കൂടുന്ന കാല്‍സ്യം നീക്കാന്‍ വാഴപ്പിണ്ടി അത്യുത്തമമാണ്.

വാഴപ്പിണ്ടി തോരന്‍ വെച്ചോ കറിയാക്കിയോ കഴിക്കാവുന്നതാണ്. ചെറുതായി നുറുക്കിയ ശേഷം കഴുകി പിഴിഞ്ഞെടുത്താണ് പലരും വാഴപ്പിണ്ടി കറിവെക്കാറ്. എന്നാല്‍ കഴുകാതെ ഉപയോഗിച്ചാല്‍ ഔഷധഗുണം കൂടുമെന്നും പഴമക്കാര്‍ പറയാറുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*