ന്യൂഡല്‍ഹി: ബാങ്കിങ് നിയമ( ഭേദഗതി) ആക്‌ട് 2025വുമായി കേന്ദ്രധനമന്ത്രാലയം. ഇന്നലെയാണ് ഇത് സംബന്ധിച്ച് മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. അനന്തരാവകാശികള്‍ സംബന്ധിച്ചാണ് സുപ്രധാന ഭേദഗതികള്‍ വരുത്തിയിട്ടുള്ളത്
നിക്ഷേപങ്ങള്‍, നിങ്ങളുടെ ലോക്കറുകളില്‍ സൂക്ഷിച്ചിട്ടുള്ള വസ്‌തുക്കള്‍ തുടങ്ങിയവയുടെ അവകാശികള്‍ സംബന്ധിച്ച പുതിയ നിയമങ്ങള്‍ അടുത്ത മാസം ഒന്ന് മുതല്‍ നിലവില്‍ വരും.
2025 ഏപ്രിലില്‍ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് അഞ്ച് നിയമങ്ങളില്‍ പത്തൊന്‍പത് ഭേദഗതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഇന്ത്യ ആക്‌ട് 1934, ബാങ്കിങ് റെഗുലേഷന്‍ ആക്‌ട് 1949, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആക്‌ട് 1955, ബാങ്കിങ് കമ്പനീസ്(അക്വിസിഷന്‍ ആന്‍ഡ് ട്രാന്‍സഫര്‍ ഓഫ് അണ്ടര്‍ ടേക്കിങ്സ്) ആക്‌ട് 1970, 1980 തുടങ്ങിയ നിയമങ്ങളിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.
2025 ബാങ്കിങ് ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ അറിയിച്ചിട്ടുള്ള ദിവസം തന്നെ നിലവില്‍ വരും. വിവിധ പ്രൊവിഷനുകള്‍ക്കായി വിവിധ തീയതികള്‍ നിശ്ചയിച്ചിട്ടുണ്ട്.
ബാങ്കിങ് ഭേദഗതി നിയമത്തിലെ സെക്‌ഷന്‍ 10,11, 12,13 പ്രൊവിഷനുകള്‍ അടുത്തമാസം ഒന്നിന് തന്നെ നിലവില്‍ വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.
ഉപഭോക്താക്കള്‍ക്ക് അനന്തരാവകാശികളായി നാല് പേരെ നാമനിര്‍ദ്ദേശം ചെയ്യാനാകുമെന്നത് തന്നെയാണ് ഭേദഗതിയിലെ പ്രധാന സവിശേഷത. ഇവരെ ഒന്നിച്ചോ അതല്ലെങ്കില്‍ ഒരാള്‍ക്ക് ശേഷം മറ്റൊരാള്‍ എന്ന നിലയിലോ നിര്‍ദ്ദേശിക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കും.
ഇത് വഴി നിക്ഷേപകരുടെയും അവരുടെ അനന്തരാവകാശികളുടെയും ഇടപാട് അവകാശവാദങ്ങള്‍ ലഘൂകരിക്കാനാകും. നിക്ഷേപകര്‍ക്ക് മുന്‍ഗണനാ ക്രമത്തിലും അവകാശികളെ നിശ്ചയിക്കാം. അതേസമയം ലോക്കറുകളിലെ വസ്‌തുക്കള്‍ക്കുള്ള അവകാശികളില്‍ ഒരാള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മറ്റൊരാള്‍ എന്ന മട്ടില്‍ മാത്രമേ നാമനിര്‍ദ്ദേശം സാധ്യമാകൂ.
നിക്ഷേപകര്‍ക്ക് നാല് പേരെ വരെ അനന്തരാവകാശികളായി നിശ്ചയിക്കാം. ഇവര്‍ക്ക് ഓരോരുത്തര്‍ക്കുമുള്ള നിശ്ചിത ശതമാനം തുകയും വ്യക്തമാക്കാം. മുഴുവന്‍ തുകയെയും കൃത്യമായി വിഭജിച്ച് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കാനുള്ള സൗകര്യവും ഉണ്ടാകും. ഇത് വഴി സുതാര്യമായി തന്നെ അവകാശികള്‍ക്ക് പണം പങ്ക് വയ്ക്കാനാകും.
ലോക്കറുകളിലെ വസ്‌തുക്കള്‍ക്കും നാല് അവകാശികളെ നിര്‍ദ്ദേശിക്കാനാകും. ആദ്യം നല്‍കിയിട്ടുള്ള അവകാശികള്‍ മരിച്ചാല്‍ മാത്രമേ പക്ഷേ രണ്ടാമത്തെ ആള്‍ക്ക് അവകാശമുണ്ടാകൂ. അത് കൊണ്ട് തന്നെ കൃത്യമായി ഒന്ന് രണ്ട് മൂന്ന് നാല് എന്ന മുന്‍ഗണനാക്രമവും ഇതിന് നല്‍കേണ്ടതുണ്ട്.
പുതിയ സൗകര്യം ഇടപാടുകാര്‍ക്ക് കൂടുതല്‍ അനായാസമായി അനന്തരാവകാശികളെ നിശ്ചയിക്കാനും പണം വിനിയോഗിക്കാനുമുള്ള അവസരം ലഭ്യമാകും. ഒപ്പം രാജ്യമെമ്പാടും ബാങ്കിങ് മേഖലയില്‍ ഏകീകൃത സ്വഭാവവും സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കും.
ബാങ്കിങ് കമ്പനീസ്(നാമനിര്‍ദ്ദേശം) നിയമം 2025ല്‍ അവകാശികളെ നിര്‍ദ്ദേശിക്കുന്നതിനും റദ്ദാക്കുന്നതിനും പ്രത്യേകം നടപടിക്രമങ്ങളും നിര്‍ദ്ദിഷ്‌ട ഫോമുകളുമുണ്ട്. ഇത് വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും. എല്ലാ ബാങ്കുകളിലും ഈ വ്യവസ്ഥകള്‍ ഒരു പോലെ തന്നെ നിലവില്‍ വരുമെന്നും ഔദ്യോഗിക പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.
ബാങ്കിങ് മേഖലയെ ശക്തിപ്പെടുത്താനും ഏകീകൃത സ്വഭാവം ഉറപ്പാക്കാനും പുതിയ നിയമം സഹായകമാകുമെന്നാണ് വിലയിരത്തല്‍. ഒപ്പം റിസര്‍വ് ബാങ്കിനോട് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും സഹായകമാകും. നിക്ഷേപകര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനും പുതിയ നിയമത്തിലൂടെ സാധി്കകും. പൊതുമേഖല ബാങ്കുകളിലെ ഓഡിറ്റ് ഗുണമേന്‍മ വര്‍ദ്ധിപ്പിക്കും. ഇടപാടുകാരുടെ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കും. സഹകരണ ബാങ്കുകളിലെ ഡയറക്‌ടര്‍മാരുടെയും ചെയര്‍മാന്‍മാരുടെയും മറ്റും കാലാവധി സംബന്ധിച്ചും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
കുടുംബങ്ങളിലെ തര്‍ക്കങ്ങള്‍ കുറയ്ക്കാന്‍ പുതിയ നിയമം വലിയ അളവില്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിയെന്ന് ബാങ്ക് ഓഫ് ബറോഡ അസിസ്റ്റന്‍റ് മാനേജര്‍ പ്രിയകൃഷ്‌ണ ഇടിവി ഭാരതിനോട് പറഞ്ഞു. പുതിയ പദ്ധതിയില്‍ നാല് പേരെ ചേര്‍ക്കാന്‍ പറ്റുന്നതും നിക്ഷേപത്തിന്‍റെ തുകയുടെ വിഹിതം നിശ്ചയിക്കാനാകുന്നതും വലിയ നേട്ടം തന്നെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു ബാങ്കുകളുടെ ബുദ്ധിമുട്ടുകളും കോടതി കയറി ഇറങ്ങലും കുറയ്ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



Be the first to comment