ഇനി അക്കൗണ്ടില്‍ പണമെത്താന്‍ കാത്തിരിക്കേണ്ട, മണിക്കൂറുകള്‍ക്കകം ചെക്ക് ക്ലിയറിങ്; ഒക്ടോബര്‍ നാലുമുതല്‍ പുതിയ പരിഷ്‌കാരം

ന്യൂഡല്‍ഹി: ബാങ്കുമായി ബന്ധപ്പെട്ട് ഇടപാട് നടത്തുന്ന പലരുടെയും പ്രശ്‌നമായിരുന്ന ചെക്ക് മാറിയെടുക്കലിന് വേണ്ടി വരുന്ന സമയത്തിന് പരിഹാരമാകുന്നു. സാധാരണയായി ചെക്ക് മാറി അക്കൗണ്ടില്‍ പണമെത്താന്‍ രണ്ടു ദിവസം വരെയാണ് സമയം വേണ്ടി വരുന്നത്. എന്നാല്‍ ഇനി മുതല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് മാറിയെടുക്കാം. ഇതിനായുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുകയാണ് റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ. ഒക്ടോബര്‍ 4 മുതല്‍ പുതിയ പരിഷ്‌കാരം നടപ്പില്‍ വരുത്തണമെന്നാണ് ബാങ്കുകള്‍ക്കുള്ള നിര്‍ദേശം.

ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം  വഴിയാണ് ബാങ്ക് ശാഖകകള്‍ ചെക്ക് ക്ലിയറിങ് ചെയ്തിരുന്നത്. ഒരു ദിവസം ലഭിക്കുന്ന ചെക്കുകള്‍ ഒരുമിച്ച് നിശ്ചിത സമയത്ത് സ്‌കാന്‍ ചെയ്ത് അയയ്ക്കുകയാണ് പതിവ്. ഇനി മുതല്‍ ഓരോ ചെക്കും ബ്രാഞ്ചില്‍ ലഭിക്കുന്ന മുറയ്ക്ക് സിടിഎസ് സംവിധാനം വഴി സ്‌കാന്‍ ചെയ്ത് അയയ്ക്കാനാണ് നിര്‍ദ്ദേശം. പുതിയ രീതി വരുന്നതോടെ ചെക്ക് മാറി അക്കൗണ്ടില്‍ പണമെത്തുന്നതിനുള്ള കാത്തിരിപ്പ് അവസാനിക്കും. ചെക്കുമായി ബന്ധപ്പെട്ട് ഉപയോക്താക്കളും ബാങ്ക് ജീവനക്കാരും തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പരിഷ്‌കാരം വഴി സഹായിക്കുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ.

രണ്ടു ഘട്ടമായിട്ടായിരിക്കും ചെക്ക് പരിഷ്‌കാരം നടപ്പിലാക്കുക. ആദ്യ ഘട്ടം ഒക്ടോബര്‍ 4 മുതല്‍ നടപ്പിലാക്കും. രണ്ടാംഘട്ടം 2026 ജനുവരി 3 മുതലും. ആദ്യ ഘട്ടത്തില്‍ ഓരോ ദിവസവും ലഭിക്കുന്ന ചെക്കുകള്‍ സാധുവാണോ അല്ലെങ്കില്‍ അസാധുവാണോ എന്ന കാര്യം അന്നേദിവസം രാത്രി 7ന് മുമ്പ് ഇടപാടുകാരെ അറിയിക്കണം. രണ്ടാംഘട്ടത്തില്‍ ചെക്കിന്റെ കാര്യത്തില്‍ തീരുമാനം മൂന്നു മണിക്കൂറിനുള്ളില്‍ ഉപയോക്താവിനെ അറിയിക്കണം. ഉദാഹരണത്തിന് രാവിലെ 10 മണിക്കും 11നും ഇടയില്‍ ലഭിക്കുന്ന ചെക്കുകള്‍ മൂന്നു മണിക്കൂറിനകം, അതായത് ഉച്ചയ്ക്ക് രണ്ടിനകം ക്ലിയര്‍ ചെയ്തിരിക്കണം. ഇതിനായി ബാങ്കുകള്‍ ആവശ്യമായ ക്രമീകരണം നടത്തണം.

 

Be the first to comment

Leave a Reply

Your email address will not be published.


*