
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ ബാനർ. പത്തനംതിട്ട വെട്ടിപ്പുറം കരയോഗത്തിനു മുന്നിലാണ് ബാനർ പ്രത്യക്ഷപ്പെട്ടത്. കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേട് എന്നാണ് ബാനറിലെ പരിഹാസം. പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പയുടെയും ബാഹുബലിയുടേടെയും ചിത്രമുള്‍പ്പടെയുള്ള ബാനറാണ് വെട്ടിപ്പുറം ശ്രീകൃഷ്ണ വിലാസം 115 നമ്പർ എൻഎസ്എസ് കരയോഗം ഓഫീസിനു മുൻപിൽ പ്രത്യക്ഷപ്പെട്ടത്.
ഇന്നലെ പിണറായിയെയും സർക്കാരിനെയും അനുകൂലിച്ചുകൊണ്ടുള്ള സുകുമാരൻ നായരുടെ പരാമർശത്തിനെതിരെ സമുദായത്തിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരുന്നു. സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം, അത് ചെയ്തില്ലല്ലോ. സർക്കാരിനെ എൻഎസ്എസിന് വിശ്വാസമുണ്ട്. കോൺഗ്രസും ബി ജെപിയും ഒന്നും ചെയ്യുന്നില്ല, കോൺഗ്രസിൽ നടക്കുന്നത് മുഖ്യമന്ത്രി ആരാണെന്ന തർക്കമാണെന്നും സുകുമാരൻ നായർ വിമർശിച്ചു.
എന്നാൽ ആഗോള അയ്യപ്പ സംഗമത്തിലടക്കം സുകുമാരൻ നായർ സ്വീകരിച്ച നിലപാടിൽ കോൺഗ്രസിൽ നിന്നും ബി ജെ പിയിൽ നിന്നുമടക്കം വിമര്ശാനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നൽകിയാണ് എൻഎസ്എസ് സർക്കാരിനോട് അടുക്കുന്നത്. ശബരിമല വിഷയത്തിലെ പിന്തുണ സർക്കാരിലേക്ക് വ്യാപിപ്പിക്കുന്നുവെന്നാണ് സമുദായ നേതൃത്വത്തിൻെറ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
അതേസമയം, ജി സുകുമാരൻ നായർക്കെതിരായ ബാനർ പ്രത്യക്ഷപ്പെട്ടത് കരയോഗം അറിഞ്ഞു കൊണ്ടല്ലെന്ന് പ്രസിഡന്റ് ദിനേശ് നായർ പറഞ്ഞു. ബാനറിൽ കരയോഗത്തിനോ ഭാരവാഹികൾക്കോ ഉത്തരവാദിത്വമില്ല. അഭിപ്രായ വ്യത്യാസങ്ങൾ എല്ലാവർക്കും ഉണ്ടാകും. എന്നാൽ ജനറൽ സെക്രട്ടറിയുടെ അഭിപ്രായമാകില്ല എല്ലാവർക്കും. അഭിപ്രായ വ്യത്യാസം ഉള്ളവർ ഇങ്ങനെ ബാനർ വെക്കുന്നത് ശരിയല്ല. ആരാണ് വെച്ചതെന്ന് അറിയില്ലെന്നും പൊതുയോഗത്തിന് ശേഷം നടപടികൾ കൈക്കൊളുമെന്നും ബാനർ ഉടൻ നീക്കം ചെയ്യാനാണ് പോകുന്നതെന്നും പ്രസിഡന്റ് ദിനേശ് നായർ പറഞ്ഞു.
Be the first to comment