തേനീച്ചകള്‍ അപകടകാരികളാണ്; അലര്‍ജിയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പുകള്‍ അവഗണിക്കരുത്

തേനീച്ച കുത്തേറ്റ് നിരവധി പേർ മരിച്ച സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതും ഇടയ്ക്കിടെ വാർത്തകളിൽ ഇടം പിടിക്കുന്നതുമാണ്. ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധര്‍ ഗുരുതര പ്രശ്‌നമായാണ് ഇതിനെ കണക്കാക്കുന്നത്. തേനീച്ച വിഷം പൊതുവെ മനുഷ്യർക്ക് അപകടകരമല്ലെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ അത് മാരകമായേക്കാം.

തേനീച്ചയുടെ കുത്തേറ്റാൽ പലരും നിസ്സാരമാക്കാറാണ് പതിവ്. മരണം പോലും സംഭവിക്കും അതുകൊണ്ട് തന്നെ കുത്തേറ്റാല്‍ ഇത് അവഗണിക്കാനും പാടില്ല. തേനീച്ച കുത്തേറ്റാൽ മരണത്തിന് കാരണമാകുന്നത് എന്താണെന്നും എന്തുചെയ്യണം വിശദമായി പരിശോധിക്കാം.

തേനീച്ച കുത്തുന്നത് മരണത്തിന് കാരണമാകുമോ?

തേനീച്ചയുടെ കുത്തേല്‍ക്കുന്നത് മാരകമായേക്കാം എന്ന് ഇന്‍റര്‍നാഷണൽ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. എന്നാൽ ഇത് ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ അത് സംഭവിക്കൂ. അലർജിയുള്ളവരിൽ ഒരു തേനീച്ചയുടെ കുത്തേറ്റാല്‍ പോലും ജീവന് ഭീഷണിയാകും (അനാഫൈലക്റ്റിക് ഷോക്ക്) . അലര്‍ജി പ്രശ്‌നമുള്ളവര്‍ക്കാണിത്. ഇത് ജീവന് ഭീഷണിയാകാം എന്ന് എൻ‌സി‌ബി‌ഐ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. അതേസമയം അലർജി ഇല്ലാത്തവരാണെങ്കില്‍ ഒരേ സമയം ഒന്നിലധികം തേനീച്ച കുത്തലുകൾ ഉണ്ടാകുമ്പോൾ അമിതമായ വിഷം ശരീരത്തിലുടനീളം വ്യാപിക്കുകയും മരണത്തിന് കാരണമാവുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

തേനീച്ചയുടെ കുത്തേറ്റാല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

തേനീച്ചയുടെ കുത്തേറ്റാല്‍ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഓരോ വ്യക്തിയിലും വ്യത്യാസപ്പെടും. കുത്തേറ്റ സ്ഥലത്ത് കഠിനമായ വേദന, വീക്കം, ചുവപ്പ് നിറം, ചൊറിച്ചിൽ എന്നിവ ഉണ്ടാകാം. ഈ ലക്ഷണങ്ങൾ സാധാരണയായി ഏതാനും മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്കുള്ളിലോ കുറയും.

അലർജിയുള്ളവർക്ക് ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണ്. കുത്തേറ്റ സ്ഥലത്ത് വീക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട്, തൊണ്ടയിലും ചുണ്ടിലും വീക്കം, തലകറക്കം, ബോധക്ഷയം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ഛർദ്ദി, വയറിളക്കം തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങൾ കാണിക്കും. ഇത് ഒരു ജീവന്‍ തന്നെ അപകടത്തിലായേക്കാം.

ഏത് തരം തേനീച്ച അപകടകരമാണ്?

ഏത് തരം തേനീച്ചയായാലും അലർജിയുള്ളവർക്ക് അത് അപകടകരമാണ്. എന്നിരുന്നാലും, കടന്നല്‍ കുത്തലാണ് പൊതുവെ ഏറ്റവും മാരകമായത്. ഈ ഇനം തേനീച്ചകൾ ആക്രമിക്കുമ്പോൾ വലിയ അളവിൽ വിഷം ശരീരത്തിലേക്ക് ഏല്‍ക്കുകയും അവ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

എൻ‌സി‌ബി‌ഐ ജേണലായ ജയന്‍റ് ഹണി ബീ ( അപിസ് ഡോർസാറ്റ ) സ്റ്റിംഗ് ആൻഡ് അക്യൂട്ട് ലിംബ് ഇസ്കെമിയ എന്ന വിഷയത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ തേനീച്ച കുത്തേല്‍ക്കുന്നത് അലർജി ഉള്ളവര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ മുതൽ അവയവങ്ങളുടെ നാശത്തിന് വരെ കാരണമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.

ഒന്നോ അതിലധികമോ തേനിച്ചയുടെ കുത്തലുകള്‍ മാരകമാകുന്നത് പല ഘടകങ്ങളെയും ആശ്രയിച്ചായിരിക്കും. ചിലപ്പോൾ തേനീച്ചയുടെ ഒരു കുത്തേല്‍ക്കുന്നത് പോലും ചില ആളുകൾക്ക് മാരകമായേക്കാം. തേനീച്ച വിഷത്തോട് (അനാഫൈലക്സിസ്) കടുത്ത അലർജിയുള്ള ആളുകളിലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്.

അലർജിയുള്ള ആളുകളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഗുരുതരമായ ലക്ഷണങ്ങള്‍ ഇവയാണ്.

അനാഫൈലക്റ്റിക് ഷോക്ക്: ഇത് രക്തസമ്മർദ്ദത്തിൽ പെട്ടെന്ന് കുറവുണ്ടാക്കുകയും, ശ്വാസനാളങ്ങൾ ചുരുങ്ങുകയും, ശ്വസിക്കാൻ കടുത്ത ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു.

ശ്വാസതടസ്സം: തൊണ്ട, നാവ്, ചുണ്ടുകൾ എന്നിവയുടെ വീക്കം മൂലം ശ്വസനം തടസ്സപ്പെട്ടേക്കാം.

ഹൃദയമിടിപ്പ് വർദ്ധനവ്: ഹൃദയമിടിപ്പ് വളരെ വേഗത്തിൽ വർദ്ധിക്കുകയും ബോധക്ഷയത്തിന് കാരണമാവുകയും ചെയ്യും. ഉടനടി വൈദ്യസഹായം നൽകിയില്ലെങ്കിൽ ഈ ലക്ഷണങ്ങൾ മാരകമായേക്കാം.

അലർജി ഇല്ലാത്തവർക്ക്

തേനീച്ച കുത്തൽ സാധാരണയായി മാരകമല്ല. വേദന, വീക്കം, ചൊറിച്ചിൽ തുടങ്ങിയ നേരിയ ലക്ഷണങ്ങൾ മാത്രമേ അവർക്ക് അനുഭവപ്പെടൂ. എന്നിരുന്നാലും ഒരേ സമയം ധാരാളം തേനീച്ചകൾ കുത്തുമ്പോൾ (ഉദാഹരണത്തിന്, 50 മുതൽ 100 ​​വരെ തേനീച്ചകൾ), ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷത്തിന്‍റെ അളവ് വളരെ കൂടുതലായിരിക്കും. അലർജി ഇല്ലാത്ത ആളുകൾക്ക് പോലും ഇത് ജീവന് ഭീഷണിയായേക്കാം.

വൃക്ക തകരാറ്: ശരീരത്തിൽ അമിതമായ വിഷം എത്തുമ്പോള്‍ വൃക്കകൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും അവ പ്രവര്‍ത്തനരഹിതമാകുകയും ചെയ്യും.

രക്താണുക്കളുടെ നാശം: തേനീച്ച വിഷത്തിലെ ചുവന്ന രക്താണുക്കളെ നശിപ്പിക്കും. ഇത് ജീവന് തന്നെ ഭീഷിണിയായേക്കും.

നാഡീകള്‍ക്കുണ്ടാകുന്ന ക്ഷതം: ശരീരത്തില്‍ ഉയർന്ന അളവില്‍ വിഷം എത്തുമ്പോള്‍ നാഡീവ്യവസ്ഥയെ തകരാറിലാക്കുകയും പക്ഷാഘാതം അല്ലെങ്കിൽ കോമ പോലുള്ള അവസ്ഥകൾക്ക് കാരണമാവുകയും ചെയ്യും. അതിനാൽ, കഠിനമായ അലർജിയുള്ളവർക്ക്, ഒരു തേനീച്ചയുടേതാണെങ്കില്‍ പോലും കുത്തേറ്റാല്‍ ജീവന് ഭീഷണിയാകും.

തേനീച്ചയുടെ കുത്തേറ്റാല്‍ എന്തു ചെയ്യണം

തേനീച്ചയുടെ കുത്തേറ്റാല്‍ ആ ഭാഗത്ത് നിങ്ങളുടെ നഖം ഉപയോഗിച്ചോ മറ്റോ പതുക്കെ അത് ചുരണ്ടി നീക്കം ചെയ്യാം.

കുത്തേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.

വീക്കം കുറയ്ക്കാൻ: ഐസ് പായ്ക്കുകൾ ഒരു തുണിയിൽ പൊതിഞ്ഞ് ബാൻഡേജായി പുരട്ടുന്നത് വീക്കം കുറയ്ക്കും.

വൈദ്യസഹായം: വീക്കം ഗുരുതരമാണെങ്കിൽ അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട്, ബോധക്ഷയം തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടന്‍ വൈദ്യ സഹായം തേടണം.

Be the first to comment

Leave a Reply

Your email address will not be published.


*