‘ എല്‍ഡിഎഫിനോ ഏതെങ്കിലും പാര്‍ട്ടിക്കോ മാര്‍ക്കിടാന്‍ വെള്ളാപ്പള്ളിയെ ഞങ്ങളാരും ഏല്‍പ്പിച്ചിട്ടില്ല’; ബിനോയ് വിശ്വം

എല്‍ഡിഎഫിനോ ഏതെങ്കിലും പാര്‍ട്ടിക്കോ മാര്‍ക്കിടാനോ തെറ്റും ശരിയും പറയാനോ ആരും വെള്ളാപ്പള്ളി നടേശനെ ഏല്‍പ്പിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ്, അതുകൊണ്ട് ഇത്തരം കാര്യങ്ങളിലൊന്നും വെള്ളാപ്പള്ളിയുടെ ഒരുപദേശവും കാത്തിരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനുമായി ഒരു തര്‍ക്കത്തിന് താനില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും തനിക്ക് തന്റെ നിലപാട് ആണ് ഉള്ളതെന്നും അദ്ദേഹത്തെ കാറില്‍ കയറ്റിയത് തെറ്റായി ഇപ്പോഴും തോന്നിയിട്ടില്ലെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ലേയെന്നും ബിനോയ് വിശ്വമല്ല പിണറായി വിജയന്‍ എന്നും അദ്ദേഹം പറഞ്ഞു. എന്റെ നിലപാട് ഞാന്‍ പറയും. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നിലപാടും അദ്ദേഹം പറയും. ജനങ്ങള്‍ക്ക് എല്ലാവരേയും അറിയാം. അവര്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയേയുമറിയാം വെള്ളാപ്പള്ളിയേയും അറിയാം. അവര്‍ തീരുമാനിക്കട്ടെ – ബിനോയ് വിശ്വം വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകനെതിരായ പരാമര്‍ശത്തിലും അദ്ദേഹം പ്രതികരിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍കൊണ്ട് ഒരാള്‍ വലുതാകുമോ, ചെറുതാകുമോ എന്ന് എല്ലാവര്‍ക്കും ഊഹിക്കാന്‍ പറ്റും. അത്മനസിലാക്കാനുള്ള കെല്‍പ്പ് അദ്ദേഹത്തിനും ബന്ധപ്പെട്ടവര്‍ക്കും ഉണ്ടാകട്ടെ. ഒരു മഹാപ്രസ്ഥാനമാണ് ശ്രീനാരായണ പ്രസ്ഥാനം. ശ്രീനാരായണ ഗുരു കേരളത്തിന്റെ നവോത്ഥാന യാത്രയില്‍ ഏറ്റവും തെളിച്ചമുള്ള പേരാണ്. അദ്ദേഹത്തെ മഹത് പൈതൃകത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി മാനിക്കുന്നുണ്ട്. പക്ഷേ, കുമാരനാശാന്‍ മുതല്‍ ഒരുപാട് വലിയ മനുഷ്യരിരുന്ന കസേരയാണത്. ആ പദവിയില്‍ ഇരിക്കുന്നവര്‍ക്കെല്ലാം എപ്പോഴും ഓര്‍മവേണം – ബിനോയ് വിശ്വം പറഞ്ഞു.

സിപിഐക്കാര്‍ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫണ്ട് പിരിച്ചു കാണും. തെറ്റായ വഴിക്ക് പണം പിരിച്ച് എന്ന് വെള്ളാപ്പള്ളി പറഞ്ഞാല്‍ ആ പണം തിരിച്ചു കൊടുക്കും. തെറ്റായ വഴിക്ക് ഒരു ചില്ലി കാശ് പോലും സിപിഐ വാങ്ങിച്ചിട്ടില്ല – അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*