
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആട് ജീവിതത്തിന്റെ തേരോട്ടം.10 പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തെരെഞ്ഞെടുത്തു. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു.
മൃതപ്രാണനായ, എല്ലുകൾ താങ്ങി നിർത്തുന്ന ശരീരവുമായി മരുഭൂമിയിലെ വറ്റിവരണ്ട ഭൂമിയിൽ നിസ്സഹായനായി ജീവിച്ച നജീബ്, അയാളെ അതിഗംഭീരവും അതിസൂക്ഷ്മവുമായി അവതരിപ്പിച്ച പൃഥ്വിരാജ് സുകുമാരൻ എന്ന അഭിനേതാവ്. 22 വർഷം നീണ്ടു നിൽക്കുന്ന കരിയറിൽ ഏറ്റവും ഗംഭീരമായി പകർന്നാട്ടം നടത്തിയ അഭിനയപ്രകടനം. മൂന്നാമതായി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം പൃഥ്വിരാജിനെ തേടിയെത്തുമ്പോൾ അതിൽ സംശയങ്ങൾ നിലനിൽക്കുന്നില്ല.
യഥാർത്ഥ ഒരു ജീവിതത്തിന്റെ നേർകാഴ്ചയായിരിക്കെ നജീബ് ആകാൻ പൃഥ്വിരാജ് സുകുമാരൻ കൈകൊണ്ടത് അത്രയും കഠിനമായ പരിണാമമായിരുന്നു. എല്ലും തോലുമായ ശരീരവും പേറി മരുഭൂമിയിലൂടെയുള്ള മരണപാച്ചിലിലാകട്ടെ കാറിന്റെ കണ്ണാടിയിൽ സ്വന്തം മുഖം നോക്കി വെറുപ്പ് പ്രകടിപ്പിക്കുന്ന രംഗങ്ങളിലുമൊക്കെ പൃഥ്വിരാജ് നജീബ് ആയി മാറി. ആദ്യ പകുതിക്കായി 98 കിലോയിലേക്ക് ഭാരം വർധിപ്പിച്ച് അവിടുന്ന് 31 കിലോയോളം ഭാരം കുറച്ച് ശരീരത്തെ അത്രത്തോളം ആയാസപ്പെടുത്തി കാഴ്ചക്കാരനെ പൃഥ്വിരാജ് ഞെട്ടിച്ചപ്പോൾ താൻ ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ഈ സിനിമക്കായി ചെയ്തിട്ടുണ്ട് എന്ന പൃഥ്വിരാജിന്റെ വാക്കുകൾ സത്യമാണെന്ന് പ്രേക്ഷകർക്ക് മനസ്സിലായതാണ്.
മൂന്നാം തവണയാണ് പൃഥ്വിരാജിനെ തേടി സംസ്ഥാന പുരസ്കാരമെത്തുന്നത്. 24ാം വയസ്സിൽ മോഹൻലാൽ ഇരുപത് വർഷത്തോളം കയ്യടിവച്ചിരുന്ന റെക്കോർഡിനെ തിരുത്തിക്കുറിച്ച് വാസ്തവത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം നേടുന്ന പ്രായം കുറഞ്ഞ വ്യക്തിയായി പൃഥ്വിരാജ്. അവിടന്ന് കരിയറിൽ ഉയർച്ചയും താഴ്ചകളും കളിയാക്കലുകളും നേരിട്ട് തന്റെ രണ്ടാം ഘട്ടം ആരംഭിക്കുമ്പോഴും പൃഥ്വിരാജ് തന്നിലെ നടന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു.
മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയേലിനെ അഭ്രപാളിയിൽ എത്തിച്ച സെല്ലുലോയിഡും രവി തരകൻ എന്ന മനുഷ്യനെ അയാളുടെ തിരിച്ചറിവുകളിലൂടെ സഞ്ചരിപ്പിച്ച അയാളും ഞാനും തമ്മിലെ പ്രകടനത്തിനും രണ്ടാമതും ഒരു സംസഥാന പുരസ്‌കാരം പൃഥ്വിരാജിനെ തേടിയെത്തി. ഇന്ന് ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജിലേക്ക് മൂന്നാമതുമൊരു പുരസ്കാരം എത്തുമ്പോൾ അത് നജീബാകാൻ അയാളെടുത്ത പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ്.
Be the first to comment