‘ഹൈ സ്പിരിറ്റ്– എ ബെവ്കോ ബ്യുട്ടീക്’; കൊച്ചി മെട്രോ സ്റ്റേഷനിലെ ആദ്യ സൂപ്പർ പ്രീമിയം വിൽ‌പ്പനശാല ഇന്നുമുതൽ

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനിൽ സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ആരംഭിക്കുന്ന ആദ്യ സൂപ്പർ പ്രീമിയം വിൽ‌പ്പനശാല ഇന്ന് ഉദ്ഘാടനം ചെയ്യും. ‘ഹൈ സ്പിരിറ്റ്– എ ബവ്കോ ബ്യുട്ടീക്’ എന്നു പേരിട്ടിരിക്കുന്ന പ്രീമിയം ഔട്ട്ലെറ്റ് മെട്രോ വൈറ്റില സ്റ്റേഷനിലാണ് പ്രവർത്തനം തുടങ്ങുന്നത്. കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.

എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാർ, ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി എന്നിവർ ചടങ്ങിൽ സംബന്ധിക്കും. കൊച്ചി നഗരത്തിലെത്തുന്ന ടൂറിസ്റ്റുകളെയും വില കൂടിയ മദ്യം ആഗ്രഹിക്കുന്നവരേയും ലക്ഷ്യമിട്ടാണ് പുതിയ ഔട്ട്‍ലെറ്റ്. കോഴിക്കോടിനും തൃശൂരിനും പിന്നാലെ ബെവ്കോയുടെ ഇത്തരത്തിലുള്ള മൂന്നാമത്തെ ഔട്ട്‍‍ലെറ്റാണ് വൈറ്റിലയിൽ തുടങ്ങുന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ കൊച്ചി മെട്രോയുടെ വൈറ്റില, വടക്കേക്കോട്ട മെട്രോ സ്റ്റേഷനുകളിൽ പ്രീമിയം ഔട്ട്‍ലെറ്റുകൾ ആരംഭിക്കാനുള്ള കരാറിൽ ബെവ്കോയും കെഎംആർഎല്ലും എത്തിച്ചേർന്നിരുന്നു. പിന്നാലെയാണ് പ്രീമിയം ഔട്ട്‍ലെറ്റ് തുറക്കാനുള്ള അനുമതി എക്സൈസ് വകുപ്പ് ബെവ്കോയ്ക്ക് നൽകിയത്. കൊച്ചി മെട്രോ, വാട്ടർ മെട്രോ സർവീസുകൾക്കു പുറമേ വിവിധ സ്റ്റേഷനുകളിലെ വിശാലമായ സ്ഥലങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി വിട്ടു നൽകിയും കെ എംആർഎൽ വരുമാനം തേടുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*