
കൊച്ചി: കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന ഇ-സിം കാര്‍ഡ് ആക്ടിവേഷന്റെ പേരില്‍ തട്ടിപ്പ് വ്യാപകമെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍. ഉപയോക്താവിന്റെ മൊബൈല്‍ നമ്പര്‍ കൈവശപ്പെടുത്തി അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതാണ് രീതിയെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കസ്റ്റമര്‍ കെയറില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് നിലവിലുള്ള ഫിസിക്കല്‍ സിം കാര്‍ഡ് സിം ഇ-സിമ്മായി (എംബഡഡ് സിം) മാറ്റാമെന്ന് അറിയിക്കും. സമ്മതിക്കുന്നവരോട് ഇ-സിം ആക്ടീവേഷന്‍ റിക്വസ്റ്റ് സ്വീകരിക്കാന്‍ ആവശ്യപ്പെടും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ നിലവിലുള്ള സിം കാര്‍ഡിന് നെറ്റ്വര്‍ക്ക് നഷ്ടമാകും. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ-സിം പ്രവര്‍ത്തനക്ഷമമാകും. ഇരകളുടെ നമ്പര്‍ തട്ടിപ്പ്കാരുടെ ഡിവൈസിലേക്ക് മാറ്റുന്നതോടെ കോളുകളും സന്ദേശങ്ങളും ഒടിപിയും നേരിട്ട് അവരിലേക്ക് പോകും.
ഈ ഒടിപികള്‍ ഉപയോഗിച്ച് ഇടപാടുകള്‍ അംഗീകരിക്കാനും പാസ് വേഡുകള്‍ റീ-സെറ്റ് ചെയ്യാനും പണം കൈക്കലാക്കാനും സാധിക്കും. കോളുകള്‍, മെസേജുകള്‍, ഒടിപി മുതലായവ തട്ടിപ്പുകാര്‍ക്ക് ലഭിക്കും. തുടര്‍ന്ന് ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കും.
പുതുതലമുറ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഡിജിറ്റല്‍ സിം ആണ് ഇ-സിം(എംബെഡഡ് സിം). ഒരു സിം സ്ലോട്ട് മാത്രമുള്ള ഫോണില്‍ രണ്ട് ഫോണ്‍ നമ്പരുകള്‍ ഉപയോഗിക്കുന്നവര്‍ അതിലൊന്ന് ഇ-സിം ആക്കാന്‍ കഴിയും. എന്നാല്‍ ഇ-സിം സേവനങ്ങള്‍ക്ക് സേവനദാതാക്കളുടെ ഔദ്യോഗിക കസ്റ്റമര്‍ കെയര്‍ മാത്രം ഉപയോഗിക്കണമെന്നും മൊബൈല്‍ നെറ്റ്വര്‍ക്ക് നഷ്ടമായാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും സൈബര്‍ പൊലീസ് അറിയിച്ചു.
Be the first to comment