ഹെയർ കളർ ഉപയോഗിക്കുന്നവരേ സൂക്ഷിക്കുക

ഒരു നല്ല ഹെയര്‍ മേക്കോവര്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. മുടിക്ക് വരുത്തുന്ന മാറ്റങ്ങള്‍ നമ്മളെ പലരേയും പലപ്പോഴും ഒന്ന് റിഫ്രഷ് ചെയ്യും. അത്തരത്തില്‍ പലരും ഒരു മാറ്റത്തിനായി തിരഞ്ഞെടുക്കുന്ന ഒന്നാണ് ഹെയര്‍ കളറിംഗ്. അങ്ങനെ വിവിധ തരം ഹെയര്‍ കളറുകള്‍ പരീക്ഷിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില പാര്‍ശ്വഫലങ്ങള്‍ കൂടിയുണ്ട്. മിക്ക ഹെയര്‍ കളറിലും വൃക്കയെ വരെ ബാധിക്കുന്ന രാസവസ്തുക്കള്‍ ഉണ്ടെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്.

ഹെയര്‍ കളറും വൃക്കാരോഗ്യവും

പതിവായി ഹെയര്‍ ഡൈകള്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇത് വൃക്കാരോഗ്യത്തിന് ഹാനികരമാണെന്ന് മനസിലാക്കിക്കോളൂ. ഇന്റര്‍നാഷ്ണല്‍ ജേര്‍ണല്‍ ഓഫ് ട്രൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ഇന്ത്യയില്‍ ഒരു വ്യക്തി വര്‍ഷത്തില്‍ രണ്ട് മുതല്‍ മൂന്ന് തവണ വരെ ഹെയര്‍ കളര്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇത് ആശങ്കാജനകമാണെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ഹെയര്‍ ഡൈകളിലും കളറിലും അടങ്ങിയിരിക്കുന്ന പാരാ-ഫെനൈലെനെഡിയാമൈന്‍ രക്തത്തില്‍ എത്തിയാല്‍ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ അവകാശപ്പെടുന്നു. ചര്‍മത്തിലെ അലര്‍ജി മുതല്‍ വൃക്കയുടെ തകരാറിന് വരെ ഇവ കാരണമായേക്കാം. പിപിഡി പോലുള്ള രാസവസ്തുക്കള്‍ രക്തത്തിലേക്ക് പ്രവേശിച്ചാല്‍ ഇവയ്ക്കുള്ളിലെ വിഷവസ്തുക്കള്‍ വൃക്ക ഫില്‍ട്ടര്‍ ചെയ്യാനാരംഭിക്കും.

തുടര്‍ച്ചയായി ഇത്തരത്തില്‍ ഹെയര്‍ കളറിംഗ് ചെയ്യുമ്പോള്‍ ഈ ഫില്‍ട്ടറിംഗ് പ്രക്രിയ വര്‍ദ്ധിക്കുകയും പതിയെ വൃക്കയുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കുകയും ചെയ്യും. ഇത് വൃക്കയുടെ തകരാറിന് വഴിവെക്കും. അതിനാല്‍ നിലവില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, വൃക്ക രോഗമുള്ളവര്‍ എന്നിവര്‍ ഹെയര്‍ കളറിംഗ് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.

സുരക്ഷിതമായ കളറിംഗ് എങ്ങനെ ശീലിക്കാം ?

  • ഏത് സൗന്ദര്യവര്‍ദ്ധക വസ്തു വാങ്ങിയാലും അത് പാച്ച് ടെസ്റ്റ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഹെയര്‍ കളറിനും ഈ നിബന്ധന ബാധകമാണ്. ചര്‍മ്മത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഹെയര്‍ കളര്‍ ഉപയോഗിച്ച് നോക്കിയ ശേഷം മാത്രം ഉപയോഗിക്കുക. ഇത് അലര്‍ജിയോ മറ്റോ ഉണ്ടാകാന്‍ സാധ്യത ഉണ്ടോയെന്ന് മനസിലാക്കാന്‍ സഹായിക്കും.
  • കയ്യുറകള്‍ ധരിച്ച ശേഷം മാത്രം ഇവ ഉപയോഗിക്കുക. അല്ലാത്ത പക്ഷം കണ്ണ്, ഭക്ഷണം എന്നിവയില്‍ ഈ രാസവസ്തുക്കള്‍ കലരാന്‍ സാധ്യതയുണ്ട്.
  • എക്‌സപൈറി ഡേറ്റ് നോക്കി വാങ്ങുക.
  • ഹെയര്‍ കളറിംഗിന് ശേഷം തലയോട്ടിയും മുടിയും നന്നായി കഴുകി വൃത്തിയാക്കാന്‍ ശ്രമിക്കുക.
  • പിപിഡി, അമോണിയ രഹിത ഹെയര്‍ കളര്‍/ഡൈ ഉപയോഗിക്കുക.
  • സെമി പെര്‍മനന്റ് കളറുകള്‍ തിരഞ്ഞെടുക്കുക. ഇതില്‍ ദോഷകരമായ രാസവസ്തുക്കള്‍ കുറവായിരിക്കും. ഇതിന് പകരം ഹെന്ന, ഇന്‍ഡിഗോ എന്നീ ബദലുകളും ഉപയോഗിക്കാം.

ഓര്‍ക്കുക ഹെയര്‍ കളറിംഗിനിടയില്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ തന്നെ ആരോഗ്യ വിദഗ്ധരെ കാണുക.

Be the first to comment

Leave a Reply

Your email address will not be published.


*