ഇന്ത്യയിലെവിടെയും കാലങ്ങളോളം കറങ്ങാം; BH നമ്പര്‍ പ്ലേറ്റ് വേണം, അറിയേണ്ടതെല്ലാം വിശദമായി

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌ത ഒരു വാഹനം കൊണ്ട് ഇന്ത്യ മുഴുവന്‍ കറങ്ങിയാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? ഇല്ല, എന്നാല്‍ എത്ര സമയം ഇങ്ങനെ മറ്റ് സംസ്ഥാനങ്ങളില്‍ വാഹനം ഓടിക്കാനാകും? അതിന് ഉത്തരമായി പറയാനാവുക ഒരു നിശ്ചിത സമയം വരെ എന്നാണ്. കാരണം നിശ്ചിത സമയം കഴിഞ്ഞാല്‍ നിങ്ങള്‍ ഏത് സംസ്ഥാനത്താണോ അവിടെയുള്ള റോഡ് ടാക്‌സ് നല്‍കി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതായി വരും.

എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരവുമുണ്ട്. അതാണ് ഇന്ത്യയില്‍ നടപ്പിലാക്കിയിട്ടുള്ള BH നമ്പര്‍ പ്ലേറ്റ്. ഈ നമ്പര്‍ പ്ലേറ്റുകള്‍ ഇന്ത്യയില്‍ മുഴുവന്‍ സംസ്ഥാനങ്ങളിലും ഉപയോഗിക്കാനാകുന്ന ഒരു ഏകീകൃത നമ്പര്‍ പ്ലേറ്റ് ആണ്. BH സീരിസ് നമ്പര്‍ പ്ലേറ്റുകള്‍ മറ്റ് വാഹനങ്ങളുടെ അതേ കളര്‍ സ്‌കീമാണ് ഉപയോഗിക്കുന്നത്. നമ്പറുകളില്‍ മാത്രമാണ് വ്യത്യസ്‌ത ഉണ്ടാകുകയൊള്ളൂ.

നേരത്തെ പ്രതിരോധ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, മറ്റ് രാജ്യങ്ങളിലോ 4 സംസ്ഥാനങ്ങളിലോ, കേന്ദ്ര ഭരണ പ്രദേശങ്ങളിലോ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ എന്നിവര്‍ക്കാണ് BH നമ്പര്‍ പ്ലേറ്റുകള്‍ ലഭ്യമായിരുന്നത്. റോഡുകളില്‍ യാതൊരു തടസങ്ങളുമില്ലാതെ യാത്ര ചെയ്യാന്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അവതരിപ്പിച്ച പദ്ധതികളിലൊന്നാണ് BH രജിസ്ട്രേഷന്‍ നമ്പര്‍ പ്ലേറ്റ്. BH എന്നാല്‍ ഭാരത് എന്നതിനെയാണ് സൂചിപ്പിക്കുന്നത്.

ബിഎച്ച് സീരീസ് നമ്പർ രജിസ്ട്രേഷനുള്ള യോഗ്യത: അപേക്ഷകര്‍ക്ക് ഇന്ത്യയില്‍ സ്ഥിരമായുള്ള മേല്‍ വിലാസം നിര്‍ബന്ധമാണ്. ബസ്, ടാക്‌സി, ട്രക്കുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് മാത്രമല്ല, സ്വകാര്യ, വാണിജ്യ വാഹനങ്ങള്‍ക്കും BH നമ്പര്‍ പ്ലേറ്റ് ലഭ്യമാകും. പുതിയതും പഴയതുമായ വാഹനങ്ങള്‍ക്ക് ഇത് ലഭ്യമാകും. പഴയ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് അനുവദിക്കുന്നത് നിലവിലെ രജിസ്ട്രേഷന്‍ കണക്കിലെടുത്താകും. അത്തരം വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലയളവ് തീരുന്നതിന് മുമ്പ് BH സീരീസ് പ്ലേറ്റിലേക്ക് മാറ്റേണ്ടതുണ്ട്. അപേക്ഷിക്കുന്ന വാഹനങ്ങളുടെ റോഡ് ടാക്‌സും ക്ലിയറായിരിക്കണം. മാത്രമല്ല വാഹനത്തിന് പിയുസി (പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍) സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

ബിഎച്ച് നമ്പര്‍ പ്ലേറ്റിന്‍റെ ഗുണങ്ങള്‍: ബിഎച്ച് രജിസ്‌ട്രേഷനുള്ള ഒരു വാഹനം രാജ്യത്ത് എവിടെയും ഉപയോഗിക്കാം. ഇന്ത്യയാണ് ഇതിന്‍റെ പരിധിയായി വരുന്നത്. എന്നാല്‍ മറ്റ് വാഹനങ്ങള്‍ മറ്റിടങ്ങളില്‍ ഉപയോഗിക്കുന്നതിന് ഏറെ പരിധികളുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കാന്‍ മറ്റ് സംസ്ഥാനങ്ങളുടെ എല്‍ഒസിയും റീ രജിസ്‌ട്രേഷനും ആവശ്യമാണ്. അതേസമയം BH രജിസ്‌ട്രേഷനുള്ള വാഹനമാണെങ്കില്‍ ഇത്തരം നടപടികളൊന്നും ആവശ്യമില്ല. എന്നാല്‍ ഈ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 15 വര്‍ഷത്തിന് പകരം 2 വര്‍ഷത്തേക്കുള്ള റോഡ് നികുതിയാണ് ഈടാക്കുക.

ഓണ്‍ലൈനായി എങ്ങനെ അപേക്ഷിക്കാം:

  • വാഹനം വാങ്ങുന്നയാള്‍ക്ക് വേണ്ടി ഡീലര്‍ വാഹന്‍ പോര്‍ട്ടലില്‍ ഫോം പൂരിപ്പിക്കുക.
  • അതില്‍ പറയുന്ന മുഴുവന്‍ രേഖകളും സമര്‍പ്പിക്കുക.
  • ആവശ്യമായ പേപ്പറുകള്‍ പൂരിപ്പിക്കുന്നതിന് പുറമെ ഫീസുകളും നികുതിയും അടയ്‌ക്കണം.
  • പണം ഓണ്‍ലൈനായി അടയ്‌ക്കാം.
  • ഫോം പരിശോധിക്കുന്ന ആര്‍ടിഒ വിവരങ്ങള്‍ ശേഖരിച്ച് വാഹനത്തിന് അംഗീകാരം നല്‍കും.
  • ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുമ്പോള്‍ പിഴവ് വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇന്ത്യയിൽ ഭാരത് സീരീസ് രജിസ്ട്രേഷൻ ?

ഇന്ത്യയില്‍ BH സീരീസ് നമ്പർ പ്ലേറ്റുകൾ ആദ്യമായി പുറത്തിറക്കിയത് 2021 ഓഗസ്റ്റ് 28നാണ്. പുതിയ നമ്പർ പ്ലേറ്റുകൾക്കായുള്ള രജിസ്ട്രേഷൻ 2021 സെപ്റ്റംബർ 15നും നടന്നു. 1988ലെ മോട്ടോർ വെഹിക്കിൾസ് ആക്‌ട്‌ പ്രകാരം വാഹന ഉടമകൾ മറ്റൊരു സംസ്ഥാനത്ത് എത്തുമ്പോള്‍ 12 മാസത്തിനുള്ളിൽ അവരുടെ വാഹനത്തിന്‍റെ രജിസ്ട്രേഷൻ മാറ്റണമായിരുന്നു. ഇതിനാണ് BH നമ്പര്‍ പ്ലേറ്റ് ആശ്വാസമാകുന്നത്.

BH സീരീസ് നമ്പർ പ്ലേറ്റ് ഫോർമാറ്റ്: മറ്റ് വാഹനങ്ങളില്‍ നിന്നും BH നമ്പര്‍ പ്ലേറ്റ് വാഹനങ്ങള്‍ തിരിച്ചറിയുന്നതിന് പ്രത്യേക തരത്തില്‍ തന്നെയാണ് അത് നല്‍കിയിരുന്നത്. ഉദാ: 21 BH 0000 AA എന്ന തരത്തിലാണ് നമ്പര്‍ പ്ലേറ്റുകള്‍ നല്‍കിയിരുന്നത്. ഇതില്‍ അക്കങ്ങള്‍ മാത്രമെ മാറ്റം ഉണ്ടാകുകയുള്ളൂ.

BH NUMBER PLATE IN INDIA  BH NUMBER PLATE  BH SERIES PLATE NEWS  BH REGISTRATION NEWS

21, 22, 23 എന്നത് എന്ത്?

21BH: 21BH എന്നത് ഭാരത് സീരീസ് രജിസ്ട്രേഷന് കീഴിലുള്ള വാഹന രജിസ്ട്രേഷൻ നമ്പർ സീരീസാണ്. ഇവിടെ 21 എന്നത് വാഹനം രജിസ്‌റ്റര്‍ ചെയ്‌ത വര്‍ഷത്തെയാണ് (2021) സൂചിപ്പിക്കുന്നത്. BH എന്നത് ഭാരത്‌ സീരീസിനെയുമാണ് സൂചിപ്പിക്കുന്നത്.

22BH: 22BH എന്നത് വാഹനം രജിസ്റ്റര്‍ ചെയ്‌ത വര്‍ഷം ‘2022’ എന്നതാണ്.

23BH: 23BH എന്നത് വാഹനം രജിസ്റ്റര്‍ ചെയ്‌ത വര്‍ഷം ‘2023’ എന്നതാണ്.

റോഡ് നികുതിയും ചെലവും: BH രജിസ്റ്റര്‍ ചെയ്‌ത വാഹനങ്ങള്‍ക്കുള്ള നികുതി രണ്ട് വര്‍ഷത്തിലൊരിക്കലാണ് അടക്കേണ്ടി വരുന്നത്. വാഹനത്തിന്‍റെ വില അതില്‍ ഉപയോഗിക്കുന്ന ഇന്ധനം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് നികുതി നിശ്ചയിക്കപ്പെടുന്നത്.

റോഡ് നികുതി നിരക്ക് ഇങ്ങനെ:

വാഹന വില പരിധി പെട്രോൾ വാഹനങ്ങൾ ഡീസൽ വാഹനങ്ങൾ
10 ലക്ഷത്തിൽ താഴെ 8% 10%
₹10 ലക്ഷം മുതൽ ₹20 ലക്ഷം വരെ 10% 12%
₹20 ലക്ഷത്തിന് മുകളിൽ 12% 14%

ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഈ നിരക്ക് ഏകീകൃതമാണ്. അതുകൊണ്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറേണ്ടി വരുമ്പോള്‍ ഉടമകള്‍ക്ക് അധിക തുക നല്‍കേണ്ടി വരുന്നില്ല. മാത്രമല്ല ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്ക് താരതമ്യേന നിരക്ക് കുറവാണ്.

വാഹനം വില്‍ക്കാമോ? BH നമ്പര്‍ പ്ലേറ്റുള്ള വാഹനം വില്‍ക്കുന്നതിന് യാതൊരു തടസങ്ങളുമില്ല. എന്നാല്‍ നമ്പര്‍ പ്ലേറ്റ് കൈമാറ്റം അത് വാങ്ങുന്നയാളുടെ യോഗ്യതയ്‌ക്ക് അനുസരിച്ച് മാറ്റേണ്ടതായി വരും. BH നമ്പര്‍ പ്ലേറ്റ് യോഗ്യതയില്ലാത്ത ആളാണ് വാഹനം വാങ്ങിക്കുന്നതെങ്കില്‍ അവര്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കേണ്ടതുണ്ട്. അതേസമയം യോഗ്യതയുള്ളയാളാണ് വാഹനം കൈപ്പറ്റുന്നതെങ്കില്‍ നമ്പര്‍ പ്ലേറ്റ് മാറ്റാതെ മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകും.

Be the first to comment

Leave a Reply

Your email address will not be published.


*