
അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറിൽ ഇറക്കുന്നതിനെതിരെ പഞ്ചാബ് സർക്കാർ രംഗത്ത്. പഞ്ചാബിനെയും പഞ്ചാബികളെയും അപകീർത്തിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആരോപിച്ചു. 19 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി ഇന്ന് രാത്രി ആദ്യ വിമാനം പഞ്ചാബിലാണ് എത്തുന്നത്. അമൃത്‌സറിനെ നാടുകടത്തൽ കേന്ദ്രമാക്കി മാറ്റുന്നതിനുളള ശ്രമമാണിതെന്നും ഭഗവന്ത് മാൻ പറഞ്ഞു. കുടിയേറ്റക്കാരെ എത്തിക്കാൻ അമൃത്‌സര്‍ വിമാനത്താവളം മാത്രം തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളാണെന്ന് ആരോപണം. അതേസമയം ഇന്നെത്തുന്ന സംഘത്തിലും പഞ്ചാബികളാണ് അധികം പേരും.
ഇന്നെത്തുന്ന സംഘത്തിൽ അറുപത്തിയേഴ് പേരാണ് പഞ്ചാബിൽ നിന്നുള്ളത്. 33 പേർ ഹരിയാനയിൽ നിന്നുള്ളവരാണ്. എട്ട് പേർ ഗുജറാത്തിൽ നിന്നും, മൂന്ന് പേർ ഉത്തർപ്രദേശിൽ നിന്നും, രണ്ട് പേർ രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോ ആളുകൾ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി അഞ്ചിന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിൽ എത്തിയിരുന്നു.
ആദ്യം എത്തിയ സംഘത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 104 ഇന്ത്യക്കാരുണ്ടായിരുന്നു. കൈ വിലങ്ങുകൾ അണിയിച്ച് കാലുകൾ ചങ്ങലയിട്ട് ബന്ധിക്കപ്പെട്ട നിലയിലായിരുന്നു അവർ എത്തിയത്. നിയമവിരുദ്ധമായി യുഎസിൽ കഴിഞ്ഞ എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശനവേളയിൽ പറഞ്ഞിരുന്നു. അനധികൃത കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കാൻ ഇന്ത്യ ബാധ്യസ്തമാണെന്നും വിദേശകാര്യ മന്തി എസ് ജയശങ്കർ രാജ്യസഭയിൽ നേരത്തെ പറഞ്ഞിരുന്നു.
Be the first to comment