‘ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്ന ഞാനും വേട്ടക്കാരനും ഒരേ സംഘടനയില്‍ അംഗമായിരിക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ല’; ഭാഗ്യലക്ഷ്മി

ഫെഫ്കയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി ഭാഗ്യലക്ഷ്മി. വേട്ടക്കാരനും അതിജീവിയോടൊപ്പം നില്‍ക്കുന്ന താനും ഒരേ സംഘടനയില്‍ അംഗമാകാന്‍ തന്റെ മനസാക്ഷി എന്നെ അനുവദിക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. 

ഫെഫ്കയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം പറയണമെങ്കില്‍ ഫെഫ്ക എന്ന സംഘടനയ്ക്ക് ഒരു ജനറല്‍ കൗണ്‍സില്‍ ഉണ്ട്. ആ കൗണ്‍സിലിനോട് ആലോചിച്ച് യുക്തമായ തീരുമാനം എടുക്കും എന്നൊരു മറുപടിയാണ് സെക്രട്ടറിയില്‍ നിന്നോ പ്രസിഡന്റില്‍ നിന്നോ പ്രതീക്ഷിക്കുന്നത്. സെക്രട്ടറി സ്വന്തമായിട്ട് അപേക്ഷ കിട്ടിയാല്‍ സ്വീകരിക്കും എന്ന് പറയാന്‍ പാടില്ല. അത് ഏകാധിപത്യ തീരുമാനമാണ് – അവര്‍ കുറ്റപ്പെടുത്തി.

കേസ് തീര്‍ന്നിട്ടില്ല. കീഴ്‌കോടതി വിധി മാത്രമേ വന്നിട്ടുള്ളൂ. ഇനിയും നമ്മള്‍ അപ്പീല്‍ പോകുന്നുണ്ട്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോകും.
ഇവിടെ എല്ലാം പോയാല്‍ മാത്രമേ ഇയാള്‍ നിരപരാധിയാണെന്ന് മനസിലാക്കാന്‍ സാധിക്കൂ. ഇയാളെ സ്വീകരിക്കാനായിട്ട് എന്തോ ആവേശം കൊണ്ട് നില്‍ക്കുകയായിരുന്നോ? – അവര്‍ ചോദിച്ചു.

അയാളുടെ പണവും സ്വാധീനവും പ്രശസ്തിയും മാത്രമാണ് ഇവര്‍ കണക്കിലെടുക്കുന്നതെന്നും അല്ലാതെ പെണ്‍കുട്ടിയുടെ വേദനയോ അവള്‍ അനുഭവിച്ചതോ ഇവരാരും മനസിലാക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഈ പറഞ്ഞ ഈ പ്രസ്താവനകള്‍ ഇറക്കിയവരെല്ലാം പെണ്മക്കള്‍ ഉള്ളവരാണ്. ഒരു പെണ്ണിന്റെ വേദന എന്താണെന്ന് അവര്‍ മനസിലാക്കുന്നില്ല. ഇന്നലെ ആ കേസിന്റെ വിധി വരുമ്പോള്‍ അവള്‍ എന്തുമാത്രം വേദനിച്ചു എന്ന് ഇവരാരും ചിന്തിക്കുന്നില്ല. അയാളുടെ ആഘോഷത്തിനൊപ്പമാണ് ഇവര്‍ സഞ്ചരിക്കുന്നത്. അങ്ങനെയുള്ള ആളുകള്‍, ആയിരക്കണക്കിന് ആളുകള്‍ ഉള്ള ഒരു സംഘടനയുടെ നേതാക്കളെന്ന് പറയുമ്പോള്‍ എനിക്ക് അതില്‍ ഒരു അംഗമാകാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഞാന്‍ ഇറങ്ങി പോകുന്നത് – ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ ആരോടും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇത് ഞാന്‍ സ്വയം എടുത്ത ഒരു തീരുമാനമാണ്. 2018ല്‍ ഈ സംഭവം നടന്നപ്പോഴും ഞാന്‍ ഇത് പറഞ്ഞിരുന്നു. അന്ന് അയാളെ പുറത്താക്കി എന്ന് പറഞ്ഞവര്‍ അയാളെ വെച്ച് സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ പ്രതികരിച്ചു. അയാളെ വെച്ച് ഇപ്പോള്‍ സിനിമ ചെയ്യരുത്, അഥവാ ചെയ്യുകയാണെങ്കില്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നുകൊണ്ട് സിനിമ ചെയ്യാം എന്ന് പറഞ്ഞിരുന്നു. ഇല്ല എനിക്ക് സിനിമ ചെയ്‌തേ പറ്റൂ എന്നായിരുന്നു മറുപടി. ഫെസ്‌ക അതിജീവിയോടൊപ്പം എന്ന് വാര്‍ത്തകളില്‍ ഇരുന്ന് പറയുകയും അതേസമയം വേട്ടക്കാരനെ വെച്ച് സിനിമ ചെയ്യുകയും ചെയ്തപ്പോള്‍ തന്നെ ഞാന്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തി, ഒരു കത്ത് കൊടുത്തതുമാണ്. അത് വീണ്ടും തുടരുമ്പോള്‍ ഒരു തീരുമാനം എടുക്കാന്‍ എനിക്ക് ആരോടും ചോദിക്കേണ്ട കാര്യമില്ല. ആരുടെയും പിന്തുണയും എനിക്ക് ആവശ്യമില്ല. ഇത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. അതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു – അവര്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*