
ഒമാനിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ടുകൾ. പൊതു,സ്വകാര്യ മേഖലകളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ ജീവനക്കാരിൽ 55 ശതമാനം പേരും സ്വദേശികൾ ആണ്. സ്വദേശിവത്കരണം ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ വിജയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ ആരോഗ്യ പ്രവർത്തകരുടെ എണ്ണം 71,180 ആയി ഉയർന്നിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ചു കൂടുതൽ സ്വദേശികൾ ഈ മേഖലയിലേക്ക് കടന്നു വന്നിട്ടുണ്ട്.
സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒമാനി ഡോക്ടർമാരുടെ എണ്ണം 2020ൽ 118 ആയിരുന്നു. എന്നാൽ 2024 ആയപ്പോൾ അത് 285 ആയി ഉയർന്നു. സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണത്തിൽ 45 ശതമാനം വർധനവ് ഉണ്ടായതായി കണക്കുകൾ പറയുന്നു.
ആരോഗ്യ മേഖലയിൽ ജോലി ചെയ്യന്ന നഴ്സുമാരുടെ എണ്ണത്തിൽ 47 ശതമാനവും ഒമാനികളാണ്. എല്ലാത്തരം ഫാർമസികളിലും സ്വദേശി വത്കരണം നടപ്പിലാക്കാൻ സർക്കാർ എടുത്ത തീരുമാനത്തോടെയാണ് ആരോഗ്യ പ്രവർത്തകരിൽ കൂടുതൽ പേരും സ്വദേശികൾ ആയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ വേണ്ട നടപടികൾ സർക്കാർ നേരത്തെ തന്നെ സ്വീകരിച്ചു വരുന്നുണ്ട്.
അതെ സമയം, സ്വദേശിവത്കരണം ശക്തമാക്കിയതോടെ നിരവധി പ്രവാസികൾക്കാണ് ഒമാനിൽ തൊഴിൽ നഷ്ടമായത്. വരും വർഷങ്ങളിൽ ആരോഗ്യ പ്രവർത്തകരിൽ സ്വദേശികളുടെ എണ്ണം വർധിപ്പിക്കാനും സർക്കാർ ശ്രമം നടത്തുന്നുണ്ട്. ഇതും പ്രവാസികൾക്ക് തിരിച്ചടിയാകും.
കഴിഞ്ഞ വർഷങ്ങളിൽ മെഡിക്കൽ വരുമാനത്തിൽ 66.2 ശതമാനം വർധനവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഈ മേഖലയിലെ നിക്ഷേപ സാധ്യത ലക്ഷ്യം വെച്ചുള്ള പ്രവത്തനവും സർക്കാർ ഉടൻ ആരംഭിച്ചേക്കും.
Be the first to comment