ബിഹാറില്‍ പരസ്യപ്രചാരണം അവസാനിച്ചു; സ്ത്രീ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി മുന്നണികള്‍

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. സ്ത്രീകള്‍ക്ക് മുപ്പതിനായിരം രൂപയും കര്‍ഷകര്‍ക്ക് താങ്ങുവിലക്ക് പുറമെ സാമ്പത്തിക സഹായവും അധികാരത്തിലെത്തിയാല്‍ നല്‍കുമെന്ന് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് പ്രഖ്യാപിച്ചു. തോല്‍വി മുന്നില്‍ കണ്ടാണ് പ്രഖ്യാപനം എന്ന് ബിജെപി നേതാക്കള്‍ പരിഹസിച്ചു.

സ്ത്രീ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ പരമാവധി ശ്രമത്തിലാണ് മഹാസഖ്യം. ‘മായി ബഹിന്‍ മാന്‍’ യോജന എന്ന പേരിലുള്ള പദ്ധതി വഴി അധികാരത്തില്‍ എത്തിയാല്‍ ജനുവരി മാസം തന്നെ മുപ്പതിനായിരം രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് പ്രഖ്യാപനം. ഒരു ക്വിന്റല്‍ നെല്ലിന് 300 രൂപയും, ഒരു കിന്റ്റല്‍ ഗോതമ്പിന് 400 രൂപയും താങ്ങുവിലയ്ക്ക് പുറമേ നല്‍കുമെന്നുംതേജസ്വി യാദവ് പറഞ്ഞു. അധികാരത്തില്‍ എത്തിയാല്‍ നടത്താന്‍ പോകുന്ന പദ്ധതികളെക്കുറിച്ചല്ല റിട്ടയര്‍മെന്റ് പദ്ധതികളെ കുറിച്ചാണ് തേജസ്വി യാദവ് ആലോചിക്കേണ്ടതെന്ന് ജന്‍ സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍ പരിഹസിച്ചു. ബിഹാറില്‍ ആഞ്ഞടിക്കുന്നത് എന്‍ഡിഎ സുനാമി ആണെന്ന് ഹസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു. രാഹുല്‍ ദുശ്ശകുനമാണെന്നും അദ്ദേഹം പരിഹസിച്ചു.

18 ജില്ലകളിലായി 121 മണ്ഡലങ്ങളാണ് മറ്റന്നാള്‍ ജനവിധി തേടുക. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്, നിലവിലെ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി , കായിക മൈഥിലി ഠാക്കൂര്‍ തുടങ്ങി പ്രമുഖര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നവരാണ്. നവംബര്‍ 11നാണ് ശേഷിച്ച 122 സീറ്റുകളില്‍ വോട്ടിംഗ് നടക്കുക.

ഒടുവില്‍ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ സ്ത്രീ വോട്ടര്‍മാര്‍ എത്രത്തോളം നിര്‍ണായകമായി എന്ന വിലയിരുത്തല്‍ ഇരു മുന്നണികള്‍ക്കും ഉണ്ട്. അവസാനഘട്ടത്തില്‍ സ്ത്രീ വോട്ടര്‍മാരെ പരമാവധി സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍.

Be the first to comment

Leave a Reply

Your email address will not be published.


*