ബിജു ജോസഫിന്റെ കൊലപാതകം; ഒന്നാംപ്രതി ജോമോന്റെ ഭാര്യയെയും പ്രതിചേർക്കും

ഇടുക്കി തൊടുപുഴ കലയന്താനിയിൽ ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ജോമോന്റെ ഭാര്യയെയും പ്രതിചേർക്കും. കേസിൽ റിമാൻഡിൽ കഴിയുന്ന ജോമോനെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങും. ബിജു ജോസഫിനെ ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ടുപോകുന്നത് മുതലുള്ള നിർണായക സംഭവങ്ങൾ ജോമോന്റെ ഭാര്യ ഗ്രേസിക്ക് കൃത്യമായി അറിയാം. ബിജുവിനെ കൊലപ്പെടുത്തിയ ശേഷം ആദ്യം എത്തിച്ചത് ജോമോന്റെ വീട്ടിലാണ്. പ്രതികൾ എത്തിയപ്പോൾ വാതിൽ തുറന്നു കൊടുത്തത് ജോമോന്റെ ഭാര്യ ഗ്രേസി ആയിരുന്നു

എന്നാൽ ആദ്യഘട്ടത്തിൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ ഗ്രേസി ഒന്നും അറിയില്ല എന്നായിരുന്നു പറഞ്ഞത്. എന്നാൽ ജോമോന്റെ വീട്ടിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ ഉൾപ്പെടെ ശാസ്ത്രീയ തെളിവുകൾ ലഭിച്ചതോടെ ഗ്രേസിയുടെ പങ്കും പോലീസ് സംശയിക്കുകയാണ്. തെളിവ് നശിപ്പിക്കൽ, കൊലക്കുറ്റം മറച്ചുവെക്കൽ എന്നീ വകുപ്പുകൾ ചുമത്തി ആയിരിക്കും ഗ്രേസിക്കെതിരെ പോലീസ് കേസെടുക്കുക. റിമാൻഡിൽ ഉള്ള ജോമോനെ കസ്റ്റഡിയിൽ വാങ്ങി ഗ്രേസിയേയും ഒപ്പം ഇരുത്തി ചോദ്യം ചെയ്യും. തുടർന്നായിരിക്കും ഗ്രേസിയെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തുക.

ഇതിനിടെ കേസിലെ രണ്ടാം പ്രതിയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. ജോമോൻ നൽകിയ ക്വട്ടേഷനെന്ന് മരിക്കും വരെ ബിജു അറിഞ്ഞിരുന്നില്ലെന്ന് ആഷിക് ജോൺസൺ മൊഴി നൽകി. വാൻ ഓടിച്ച ജോമോൻ മാസ്ക് ധരിച്ചാണ് ഇരുന്നത്. ബിജുവിനോട് ജോമോൻ വാനിൽ വച്ച് സംസാരിച്ചത് ശബ്ദം മാറ്റിയായിരുന്നു. ഉപദ്രവിച്ചപ്പോൾ എന്തുവേണമെങ്കിലും നൽകാമെന്നും വെറുതെ വിടണമെന്നും ബിജു പറഞ്ഞതായി ആഷിക് പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*