
അഞ്ചു വര്‍ഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി മുപ്പത് ദിവസം തടവില്‍ കഴിയേണ്ടി വരുന്ന മന്ത്രിമാരെ നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ ആഭ്യന്ത്രമന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍. പ്രതിപക്ഷ സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചുള്ള ബില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
സുപ്രധാന ബില്ല് അല്ല. അതൊരു കാടത്ത ബില്ലാണ്. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ എതിരാളികളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിനും ഏകാധിപത്യ പ്രവണത വര്‍ധിപ്പിക്കുന്നതിനും വേണ്ടിയുള്ള ബില്ലാണിത്. ഇഡി വിചാരിച്ചാല്‍ ആരെ വേണമെങ്കിലും 30 ദിവസം ജയിലിലിടാം. 30 ദിവസത്തേക്ക് ജയിലിലിട്ടാല്‍ അത് മുഖ്യമന്ത്രിയാണെങ്കിലും മന്ത്രിമാരായാലും ഓട്ടോമാറ്റിക്കലി ആ പദവിയില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന അവരെ നീക്കാനുള്ള അധികാരം പരോക്ഷമായി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. തമാശയ്ക്ക് അവര്‍ പ്രധാനമന്ത്രിയുടെ പേര് കൂടി ചേര്‍ത്തിട്ടുണ്ട്. പ്രധാനമന്ത്രിയെ ആരാണ് അറസ്റ്റ് ചെയ്യാന്‍ പോകുന്നത്. പ്രധാനമന്ത്രിക്കെതിരെ ഏത് ക്യാബിനറ്റാണ് റെക്കമെന്റ് ചെയ്യാന്‍ പോകുന്നത്. അവരുടെ ഒപ്പം നില്‍ക്കുന്ന സഖ്യകക്ഷികളെ കൂടി വിരട്ടാനുള്ള ബില്ലാണിത് – കെ സി വേണുഗോപാല്‍ പറഞ്ഞു.
ഗവര്‍ണറെ ഉപയോഗിച്ച് ഇപ്പോള്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന അസ്ഥിര അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍വേണ്ടി ജനാധിപത്യത്തില്‍ സംശുദ്ധികൊണ്ടുവരാനെന്നുള്ള പേരില്‍ വളരെ മാരകമായിട്ടുള്ള ദൂരവ്യാപകമായ ഭവിഷ്യത്തുകളുള്ള ഒരു ബില്ലുമായി അമിത്ഷാ രംഗത്ത് വന്നിരിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഇതിനെ അതിശക്തമായി എതിര്‍ക്കേണ്ടതാണ്. ജനാധിപത്യത്തെ തകര്‍ക്കാന്‍ വേണ്ടിയുള്ള ബില്ലാണ്. പ്രതിപക്ഷത്തെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ് – ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമാണ്. ഒരുമാസത്തിലധികം കസ്റ്റഡിയിലായാല്‍ മന്ത്രിമാര്‍ക്ക് സ്ഥാനംനഷ്ടമാകുമെന്നാണ് ബില്ലിലെ വ്യവസ്ഥ. തുടര്‍ച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ 31-ാം ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും. ജയില്‍ മോചിതരായാല്‍ ഈ സ്ഥാനത്ത് തിരികെ വരുന്നതില്‍ തടസമില്ല.
Be the first to comment