‘തൃശൂരിനെ ബി.ജെ.പി അഭിനയപാടവം മുറ്റിയ രാഷ്ട്രീയ കാപട്യത്തിന്റെയും കള്ളവോട്ടിന്റെയും തലസ്ഥാനമാക്കി മാറ്റി’; ബിനോയ് വിശ്വം

സംസ്‌കാരത്തിന്റെയും പൂരത്തിന്റെയും തലസ്ഥാനമെന്ന് പുകഴ്‌പെറ്റ തൃശ്ശൂരിനെ ബി.ജെ.പി അഭിനയപാടവം മുറ്റിയ രാഷ്ട്രീയ കാപട്യത്തിന്റെയും കള്ളവോട്ടിന്റെയും തലസ്ഥാനമാക്കി മാറ്റിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ഭരണകക്ഷിയുടെ കാര്യസ്ഥന്മാരായി മാറുന്നതായി രാജ്യത്തിന്റെ എല്ലാഭാഗത്തുനിന്നും വന്നു കൊണ്ടിരിക്കുന്ന വിവരങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകവും ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ ഉലയ്ക്കുന്നതുമാണ്. ബീഹാറില്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ചര്‍ച്ച പോലും ഇല്ലാതെ വോട്ടര്‍ പട്ടികയുടെ തീവ്ര പുനപരിശോധന നടത്തി 65 ലക്ഷം പൗരന്മാരുടെ വോട്ടവകാശം ഹനിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാണ്.

കര്‍ണ്ണാടകയില്‍ നടന്നതായി രാഹുല്‍ഗാന്ധി ആരോപിച്ച കൃത്രിമങ്ങളെപ്പറ്റി വ്യക്തമായ മറുപടി പറയാന്‍ കഴിയാതെ തെരഞ്ഞടുപ്പ് കമ്മീഷന്‍ ഒഴിഞ്ഞുമാറുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശ്ശൂരില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളില്‍ ആള്‍താമസമില്ലാത്ത ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് വ്യാജമേല്‍വിലാസങ്ങളുണ്ടാക്കി വന്‍ക്രമക്കേട് നടത്തിയതായ വസ്തുതകളും ഉള്‍പ്പെടുന്നു.

സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തിരഞ്ഞടുപ്പ് സമ്പ്രദായത്തോട് അല്‍പമെങ്കിലും കൂറുണ്ടെങ്കില്‍ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിന്മേല്‍ സമഗ്ര അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*