മോദി ഉലകം ചുറ്റും വാലിബൻ, എന്നിട്ടും മണിപ്പൂരിൽ എത്താൻ വൈകി, കേരളം സുരക്ഷിതമാണ്, ആർക്കും വരാം: ബിനോയ് വിശ്വം

മണിപ്പൂരിലെ അവസ്ഥ ഇപ്പോഴും മോശമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മോദി ഉലകം ചുറ്റും വാലിബനാണെന്നും എന്നിട്ടും അദ്ദേഹം മണിപ്പൂരില്‍ എത്താന്‍ വൈകിയെന്നും ബിനോയ് വിശ്വം പറഞ്ഞു. മണിപ്പൂരില്‍ പോകാന്‍ വൈകിയതിന്റെ കാരണം മോദി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദിക്ക് കേരളത്തിലേക്ക് വരാമെന്നും മണിപ്പൂരില്‍ കേരളത്തിലേതുപോലെ സുരക്ഷയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കേരളം ജീവിക്കാന്‍ കഴിയുന്ന സ്ഥലമാണെന്നും ആരും ഇവിടെ ആക്രമിക്കാന്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു ബിനോയ് വിശ്വം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയ്ക്കുമേല്‍ മോദിയുടെ ഫ്രണ്ട് അടിച്ചേല്‍പ്പിച്ച താരിഫിനെക്കുറിച്ചും അദ്ദേഹം മറുപടി പറയണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ‘ട്രംപിനോട് ഈ ധിക്കാരം ഒഴിവാക്കാന്‍ പറയാന്‍ മോദി എന്തുകൊണ്ടാണ് തയ്യാറാകാത്തത്? ട്രംപിനെ എതിര്‍ത്തു പറയാന്‍ മോദിക്ക് കഴിയുമോ? ട്രംപ് വിടുവായനാണ്. അത് ശീലമാക്കുകയാണ് ട്രംപ്. ട്രംപിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കില്‍ മോദിയുടെ നെഞ്ചളവും നീളമുളള നാക്കും പാഴാണ്. വെനസ്വേലയുടെ പ്രസിഡന്റിനെയും ഭാര്യയെയും റാഞ്ചിക്കൊണ്ടുപോവുകയാണ് ചെയ്തത്. അതിനെക്കുറിച്ചും ഒന്നും പറയാന്‍ മോദി തയ്യാറായില്ല’; ബിനോയ് വിശ്വം പറഞ്ഞു.

ബിജെപിയുടെ കാപട്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കറിയാമെന്നും രാജ്യം കണ്ട ഏറ്റവും വലിയ ഹിന്ദുവായ ഗാന്ധിയെ കൊന്ന ഗോഡ്‌സെയെ പൂജിക്കുന്നവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു. ‘വയനാട്ടില്‍ വലിയ ദുരന്തമുണ്ടായി. പതിനൊന്നാം ദിനം പ്രധാനമന്ത്രി അവിടെയെത്തി വയനാടിനൊപ്പമുണ്ടെന്ന് പറഞ്ഞു. വാക്ക് ഒരു വഴിക്കും പ്രവര്‍ത്തി ഒരു വഴിക്കും എന്നതാണ് പ്രധാനമന്ത്രി. ഇന്‍ഡോറിനെക്കുറിച്ച് പറയാന്‍ ബിജെപിക്ക് നൂറുനാവാണ്. അവിടെ മലിനജലം കുടിച്ച് മരിച്ചത് 15 പേരാണ്. ഇന്‍ഡോറിലെ ജനങ്ങള്‍ക്ക് മാലിന്യം കലരാത്ത വെളളം നല്‍കാനായില്ല എന്ന് മോദി തുറന്നുപറയണം’: ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*