ഇനിയും അനീഷ് ജോർജുമാരെ കൊലയ്ക്ക് കൊടുക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. SIR സമയ പരിധി അടിയന്തിരമായി നീട്ടി വെക്കണമെന്നും ബിനോയ് വിശ്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ വോട്ടർപട്ടികയുടെ തീവ്ര പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട ഒരു ബൂത്ത് ലെവൽ ഓഫീസർ ജോലിഭാരം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത സംഭവം കമ്മീഷന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കേണ്ട ഘട്ടത്തിൽ തന്നെ കേരളത്തിൽ തീവ്ര പരിശോധനയും അടിച്ചേൽപ്പിച്ച് ഉദ്യോഗസ്ഥ സംവിധാനത്തിന്റെ മേൽ കമ്മീഷൻ ചെലുത്തിയ താങ്ങാനാവാത്ത സമ്മർദ്ദമാണ് ഈ അത്യാഹിതത്തിന് കാരണമായി തീർന്നിട്ടുള്ളത്.
കേന്ദ്ര ഭരണകക്ഷിയുടെ കാര്യസ്ഥപ്പണി ഏറ്റെടുത്ത ഇലക്ഷൻ കമ്മീഷന്റെ നടപടികളിലും നയങ്ങളിലും പ്രതിഫലിക്കുന്നത് കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾ മാത്രമായി തീർന്നിരിക്കുന്നു. അതിൻ്റെ കേരളത്തിലെ ആദ്യത്തെ ബലിയാടാണ് അനീഷ് ജോർജ് എന്ന യുവ ഉദ്യോഗസ്ഥൻ.
സാഹചര്യങ്ങളുടെ ഗൗരവം പരിഗണിച്ച് കടുംപിടുത്തം വെടിയാനും രാഷ്ട്രീയപാർട്ടികൾ ഒന്നടങ്കം ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കാനുമുള്ള വിവേകം ഇപ്പോഴെങ്കിലും ഇലക്ഷൻ കമ്മീഷൻ കാണിക്കണമെന്ന് എന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഐ സംസ്ഥാന സെക്രട്ടറി കത്തയക്കുകയും ചെയ്തു.



Be the first to comment