കോഴിക്കോട്: ജോൺ ബ്രിട്ടാസ് പിഎം ശ്രീയ്ക്ക് വേണ്ടി പാലമാകാൻ പോകില്ലെന്നും പദ്ധതിയിൽ നിന്ന് പിൻവാങ്ങിയത് എൽഡിഎഫ് ആശയത്തിൻ്റെ വിജയമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പദ്ധതിയിലെ ഈ പിൻവാങ്ങൽ സിപിഐയുടെ മാത്രം വിജയമല്ല. സിപിഐക്കും സിപിഎമ്മിനും ഈ വിഷയത്തിൽ ഒരേ നിലപാടാണ് ഉണ്ടായിരുന്നതെന്നും കോഴിക്കോട് പ്രസ് ക്ലബിൽ ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ ബിനോയ് വിശ്വം പറഞ്ഞു.
പിഎം ശ്രീക്ക് വേണ്ടി പാലമാകാൻ ജോൺ ബ്രിട്ടാസ് പോയില്ല, പോകുകയുമില്ല. എസ്.എസ്.കെ (സമഗ്ര ശിക്ഷാ കേരളം)യിൽ കിട്ടാനുള്ള പണത്തിന് വേണ്ടിയാണ് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനുമായി ബ്രിട്ടാസ് സംസാരിച്ചത്. ജോൺ ബ്രിട്ടാസ് ഇന്നും എന്നെ വിളിച്ചു. സിപിഐക്ക് ജോൺ ബ്രിട്ടാസിനെയാണ് വിശ്വാസം. സിപിഎമ്മിൻ്റെ നയം മറന്ന് ബ്രിട്ടാസ് കേന്ദ്രമന്ത്രിയുമായി സംസാരിക്കില്ല. ധർമേന്ദ്ര പ്രധാൻ പറഞ്ഞത് ബിജെപി രാഷ്ട്രീയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തൽ ആയാലും ഭയമില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മൂന്നാം എൽഡിഎഫ് സർക്കാരിനുള്ള ചവിട്ടുപടിയാകും. തെരഞ്ഞെടുപ്പ് വന്നാൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും (ഇഡി) വരുമെന്നും എംടിയുടെ നോവലിലെ വരികൾ പോലെ ഇഡി തെരഞ്ഞെടുപ്പ് ആയാൽ ‘വരും വരാതിരിക്കില്ല’ എന്നും അദ്ദേഹം പരിഹസിച്ചു.



Be the first to comment