കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി അഭിമാനപൂർവ്വം കാണുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു.
സ്ത്രീത്വത്തിന്റെ മഹത്വം ഉയർത്തുന്ന വിധി അല്ല വന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. കുറ്റക്കാരെ എന്തുകൊണ്ട് വെറുതെ വിടുന്നുവെന്ന് അദേഹം ചോദിച്ചു. നിയമത്തിന്റെ കുരുക്കിൽ എന്തുകൊണ്ടാണ് വലിയ മീനുകളെ വെറുതെ വിടുന്നത്. മെമ്മറി കാർഡ് എന്ന സുപ്രധാന തെളിവ് കോടതിയുടെ സേഫ് കസ്റ്റഡിയിൽ ആയിരുന്നു. അതെങ്ങനെ പുറത്തേക്ക് പോയി എന്ന് ബിനോയ് വിശ്വം പറഞ്ഞു.
പുറത്തുള്ളവർക്ക് കാണാൻ എങ്ങനെയാണ് അവസരം ഉണ്ടാക്കിയത്. ആ പെൺകുട്ടിക്കൊപ്പം സിപിഐ അവസാന നിമിഷം വരെ നിൽക്കും. അപ്പീലിന് പോവുക സർക്കാരിന്റെ ദൃഢ നിശ്ചയമായ നിലപാടാണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവ് ആണ് വിധിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രതികൾ 50,000 രൂപ പിഴയും അടയ്ക്കണം. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠൻ, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാത്സംഗ കേസിൽ 20 വർഷം കഠിനതടവ് വിധിച്ചിരിക്കുന്നത്.



Be the first to comment