തദ്ദേശ തിരഞ്ഞെടുപ്പിന് വൻ സന്നാഹവുമായി ബിജെപി; തിരുവനന്തപുരം, തൃശൂർ കോർപറേഷനുകൾ പിടിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തദ്ദേശ തിരഞ്ഞെടുപ്പിന് വൻ സന്നാഹവുമായി ബിജെപി. കോടികൾ ഒഴുക്കിയുള്ള ഹൈമാസ് പ്രചാരണത്തിന് ദേശീയ നേതൃത്വത്തിന്റെ പച്ചക്കൊടി. തിരുവനന്തപുരം, തൃശൂർ കോർപറേഷനുകൾ പിടിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ ദേശീയ നേതൃത്വത്തിന് ഉറപ്പ് നൽകി.

തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മാത്രമേ നിയമസഭയിൽ നേട്ടമുണ്ടാക്കാനാവുകയുള്ളു എന്നും രാജീവ് ചന്ദ്രശേഖർ വിലയിരുത്തി. നേരിട്ട് തിരുവനന്തപുരം നഗരസഭ ശ്രദ്ധിക്കും. തിരുവനന്തപുരത്ത് മിഷൻ 71 നടപ്പാക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി മുന്നിലെത്തിയ കോർപറേഷൻ വാർഡുകൾ പിടിക്കും. സംസ്ഥാനത്ത് 10,000 വാർഡുകൾ വിജയിക്കും. 400 പഞ്ചായത്തുകൾ പിടിച്ചെടുക്കും. 25 നഗരസഭകളിൽ ഭരണം ഉറപ്പെന്നും രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി.

ഓരോ പഞ്ചായത്ത്‌/ ഏരിയകളിലും ഒരു ഫുൾടൈമറെ ശമ്പളം നൽകി നിയോഗിക്കും. ശമ്പളം മാസം 30,000 രൂപ നൽകും. ജയ സാധ്യതയുള്ള പഞ്ചായത്ത്‌ വാർഡുകളിൽ 3 ലക്ഷം മുതൽ 5 ലക്ഷം വരെ ഫണ്ട്‌ നൽകും. ഭരണം കിട്ടാൻ സാധ്യതയുള്ള പഞ്ചായത്തിന് 10 ലക്ഷം അധികം നൽകും.

നഗരസഭ വാർഡുകളിൽ 5 മുതൽ 10 ലക്ഷം വരെ ഫണ്ട് ലഭ്യമാക്കും. കോർപറേഷൻ വാർഡുകളിൽ 10 മുതൽ 20 ലക്ഷം വരെ ഫണ്ട്‌ നൽകും. പഴയ സംസ്ഥാന ഓഫീസ് വാർറൂം ആവും. സന്ദീപ് സോമാനാഥിന്റെ നേതൃത്വത്തിൽ 25 അംഗ മീഡിയ ടീം പ്രവർത്തിക്കും.

അനൂപ് ആന്റണിയുടെ നേതൃത്വത്തിൽ 60 അംഗ സോഷ്യൽ മീഡിയ സംഘം, പ്രസാദിന്റെ നേതൃത്വത്തിൽ 100 ഓളം പേർ വരുന്ന കാൾ സെന്റർ എന്നിവ സജ്ജമാക്കും. 50,000 മുതൽ 1.5 ലക്ഷം വരെ ശമ്പളം നൽകി പ്രൊഫഷണൽ ടീം സജ്ജമെന്നും മുന്നറിയിപ്പ്.

നിലവിൽ സംസ്ഥാനത്ത് പാലക്കാട്, പന്തളം മുനിസിപ്പാലിറ്റികൾ ബിജെപിയാണ് ഭരിക്കുന്നത്. 19 ഗ്രാമ പഞ്ചായത്തുകളിലും പാർട്ടി ഭരണത്തിലുണ്ട്. 1600ഓളം വാർഡ് മെമ്പർമാരും പാർട്ടിക്കുണ്ട്. ഇത് ഗണ്യമായി വർധിപ്പിക്കുക എന്നതിനാണ് പ്രഥമ പരിഗണന.

Be the first to comment

Leave a Reply

Your email address will not be published.


*