പിഎം ശ്രീ: ‘ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിർക്കും, പിണറായി കണ്ണുരുട്ടുമ്പോൾ എതിർപ്പ് അവസാനിക്കും’; കെ സുരേന്ദ്രൻ

പിഎം ശ്രീയുമായി ബന്ധപ്പെട്ട സിപിഐ എതിർപ്പ് വെറും തട്ടിപ്പെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിർക്കും. പിന്നീട് എകെജി സെൻററിൽ വിളിച്ച് പിണറായി കണ്ണുരുട്ടുമ്പോൾ എതിർപ്പ് അവസാനിക്കുമെന്നും കെ സുരേന്ദ്രന്റെ പരിഹാസം. സിപിഐക്ക് നാട്ടിൽ ഇപ്പോൾ പ്രസക്തിയില്ല. വെളിയം ഭാർഗവൻ അടക്കമുള്ളവരുടെ കാലത്ത് നല്ല നേതാക്കൾ ഉണ്ടായിരുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

പദ്ധതിയിൽ ഒപ്പിടാനുള്ള പൊതുവിദ്യഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. സിപിഐയുടെ എതിർപ്പിനെ തുടർന്ന് മന്ത്രിസഭാ യോഗത്തിൽ അടക്കം പദ്ധതിയുമായി മുന്നോട്ടു പോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.എന്നാൽ രണ്ട് വർഷമായി മുടങ്ങികിടക്കുന്ന 1500 കോടിയോളം രൂപ വാങ്ങിച്ചെടുക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. സർക്കാർ തീരുമാനത്തിനെതിരെ സിപിഐ നേതാക്കൾ രംഗത്ത് എത്തി. നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി കെ സുരേന്ദ്രൻ രം​ഗത്തെത്തിയത്.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പരാമർശത്തിൽ എൻകെ പ്രേമചന്ദ്രനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. അവിശ്വാസികളായ സ്ത്രീകളെ സർക്കാർ സ്പോൺസർ ചെയ്ത് മലകയറ്റി. ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്തോ എന്ന് അറിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം ശബരിമല സ്വർണക്കൊള്ളയിലും കെ സുരേന്ദ്രൻ പ്രതികരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ മൊഴി പഠിപ്പിച്ച ശേഷമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതെന്ന് അദേഹം ആരോപിച്ചു. സർക്കാർ ചെയ്തത് കുറുക്കന്റെ കയ്യിൽ കോഴിയെ ഏൽപ്പിച്ച പോലെയുള്ള പണിയെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ക്ഷേത്ര സ്വത്ത് കൊള്ളയടിക്കാൻ സിപിഐഎം രാഷ്ട്രീയ തീരുമാനം എടുത്തിയിരുന്നുവെന്നും പിണറായിക്കും കൂട്ടർക്കും സ്വർണം വീക്ക്നെസ് ആണെന്നും അദേഹം പരിഹസിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*