രാജീവ്‌ ചന്ദ്രശേഖറിന്റേത് കോർപ്പറേറ്റ് ശൈലി; ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വിമർശനം, അമിത ജോലിഭാരം കാരണം രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാർ

രാജീവ്‌ ചന്ദ്രശേഖറിന്റെ കോർപ്പറേറ്റ് ശൈലിക്കെതിരെ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വിമർശനം. അമിത ജോലിഭാരം കാരണം രാജിവെക്കാനൊരുങ്ങി മണ്ഡലം പ്രസിഡന്റുമാർ. കമ്പനി പോലെ പാർട്ടി പ്രവർത്തനം നടത്തരുത്.

പ്രവർത്തകർക്ക് ടാർഗറ്റ് കൊടുക്കുന്ന രാജീവ്‌ ചന്ദ്രശേഖരൻ ശൈലിക്കെതിരെ ഓൺലൈനിൽ ചേർന്ന ബിജെപി സംസ്ഥാന നേതൃ യോഗത്തിലാണ് വിമർശനം ഉയർന്നത്. ടാർഗറ്റ് പൂർത്തിയാക്കാത്ത മണ്ഡലം പ്രസിഡന്റുമാർക്കെതിരെ നടപടിയെടുക്കുമെന്നു പറഞ്ഞ എംടി രമേശ്‌, എസ്‌ സുരേഷ് എന്നിവർക്കെതിരെയാണ് വിമർശനം ഉയർന്നത്.

ശില്പശാല, വാർഡ് സമ്മേളനം തുടങ്ങിയ കാര്യങ്ങൾ നടത്താത്ത മണ്ഡലം പ്രസിഡന്റുമാരെ മാറ്റേണ്ടി വരുമെന്ന് എംടി രമേശ്‌ യോഗത്തെ അറിയിച്ചു. എന്നാൽ മണ്ഡലം പ്രസിഡന്റ്റുമാരും മനുഷ്യനാണെന്ന് ജെ ആർ പദ്മകുമാർ തിരിച്ചടിച്ചു. ഓണവും ശ്രീകൃഷ്ണ ജയന്തിയും മണ്ഡലം പ്രസിഡന്റുമാർക്കും ഉണ്ടെന്നു എല്ലാവരും ഓർക്കണം .

പാർട്ടി നേതൃത്വം ഓൾ ഇന്ത്യ റേഡിയോ പോലെ പെരുമാറരുത്. പ്രവർത്തകർക്ക് പറയാനുള്ളതും കേൾക്കണം. അവർ മെഷീൻ ആണെന്ന് വിചാരിക്കരുതെന്നും പദ്മകുമാർ വിമർശിച്ചു. എന്നാൽ പരിപാടി നടത്തിയില്ലെങ്കിലും തിയതി സംസ്ഥാന നേതൃത്വത്തെ അറിയിക്കേണ്ടത് മണ്ഡലം പ്രസിഡന്റുമാരുടെ കടമയാണെന്ന് എസ്‌ സുരേഷ് വാദിച്ചു.

ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നവർക്കേ മണ്ഡലം പ്രസിഡന്റുമാരുടെ കഷ്ടപ്പാടുകൾ അറിയുള്ളു എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോപകുമാറിൻ്റെ മറുപടി. കമ്പനി നടത്തും പോലെ പാർട്ടിയെ കൊണ്ടുപോകാൻ ആവുകയില്ല. താഴെ തട്ടിൽ പ്രവർത്തകർക്കു അമിത വർക്ക് ലോഡാണുള്ളത്ത്.

നരേന്ദ്രമോദിയുടെ പിറന്നാൾ ദിനം മുതൽ ഗാന്ധി ജയന്തി വരെ സേവ പക്വവാഡ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ കേന്ദ്ര നിർദേശപ്രകാരം സേവന പ്രവർത്തനങ്ങൾ നടത്തണം. ഒപ്പം സംസ്ഥാന നേതൃത്യം പറയുന്ന ശില്പശാലകൾ, വാർഡ് സമ്മേളനങ്ങൾ സാമാന്തര വോട്ടർ പട്ടിക ഉണ്ടാക്കൽ തുടങ്ങിയവയും നടത്തണം. ഇതൊന്നും മണ്ഡലം പ്രസിഡന്റുമാർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്.

പ്രതിഫലം കൊടുക്കാതെയാണ് അവരെ കൊണ്ടു ജോലി ചെയ്യിക്കുന്നത്. അവർക്കും കുടുംബമുണ്ടെന്നു പാർട്ടി മറക്കരുത്. പല മണ്ഡലം പ്രസിഡന്റ്റുമാരും രാജി സന്നദ്ധത അറിയിച്ചതായും എം വി ഗോപകുമാർ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*