സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ബിജെപിയിൽ കലഹം; നേമം ഏരിയാ പ്രസിഡന്റ് രാജിവെച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുന്നതിനു മുമ്പേ തിരുവനന്തപുരത്തെ ബിജെപിയില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള ഭിന്നതയെത്തുടര്‍ന്ന് ബിജെപി നേമം ഏരിയാ പ്രസിഡന്റ് എം ജയകുമാര്‍ രാജിവെച്ചു. കഴിഞ്ഞ 43 വര്‍ഷമായി സംഘടനാ പ്രവര്‍ത്തനം നടത്തുന്ന തനിക്ക് പാര്‍ട്ടിയില്‍ നിന്നു നീതി ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജി.

ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയനും നേമം മണ്ഡലം പ്രസിഡന്റ് കരുമം രാജേഷിനും ചൊവ്വാഴ്ച വൈകീട്ടാണ് ജയകുമാര്‍ രാജിക്കത്ത് നല്‍കിയത്. കഴിഞ്ഞതവണ പൊന്നുമംഗലം വാര്‍ഡില്‍ നിന്നു വിജയിച്ച എം ആര്‍ ഗോപനാണ് നേമത്ത് സ്ഥാനാര്‍ഥിയാകുക എന്ന സൂചനയാണ് രാജിക്ക് കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. നേമം വാര്‍ഡില്‍ മത്സരിക്കാന്‍ ആ വാര്‍ഡിലുള്ള ഒരാളെത്തന്നെ പരിഗണിക്കണമെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം നേതൃത്വം പരിഗണിച്ചില്ലെന്നും രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മുമ്പ് നേമം വാര്‍ഡിനെ പ്രതിനിധീകരിച്ചിട്ടുള്ള എം ആര്‍ ഗോപന്‍ അവസാനഘട്ടങ്ങളില്‍ വാര്‍ഡിനെ കൈയൊഴിഞ്ഞെന്നും, നിലവിലെ ബിജെപി കൗണ്‍സിലറെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നും കത്തില്‍ ആരോപണം ഉന്നയിക്കുന്നു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളാണ് നേമം മേഖലയിലെ അഞ്ചുവാര്‍ഡുകളും. കഴിഞ്ഞതവണ എല്ലായിടത്തും ബിജെപിയാണ് വിജയിച്ചത്. പൊന്നുമംഗലം സ്ത്രീ സംവരണം ആയതോടെയാണ് ഗോപന് സുരക്ഷിത മണ്ഡലം തേടുന്നത്.

തിരുവനന്തപുരം കോര്‍പ്പറേനിലെ സ്ഥാനാര്‍ഥികളെ ബിജെപി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ബിജെപി ജില്ലാ നേതൃത്വവും ആര്‍എസ്എസും നേമത്ത് ഗോപനെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കോർപ്പറേഷനിലെ പകുതിയോളം സ്ഥാനാർഥികളുടെ പട്ടിക ബിജെപി നാളെ പ്രഖ്യാപിച്ചേക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിലാണ് അന്തിമ ചർച്ചകൾ നടക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*